അഞ്ജലി മേനോന്റെ അടുത്ത ചിത്രത്തിൽ നസ്രിയ അഭിനയിക്കുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ ആരാധകർ ഏറെ ആഹ്ലാദിച്ചതാണ്. എന്നാൽ പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം ഭർത്താവും മലയാളികളുടെ പ്രിയപ്പെട്ട താരവുമായ ഫഹദ് ഫാസിലിന്റെ നായികയായി നസ്രിയ എത്തുന്നു.

അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസിലാണ് നസ്രിയ തിരികെയെത്തുന്നത്. ദുൽഖർ സൽമാൻ നായകനായ ഉസ്താദ് ഹോട്ടലിന് ശേഷം സംവിധാന രംഗത്തേക്ക് അൻവർ റഷീദ് മടങ്ങിവരുന്ന ചിത്രമാണ് ട്രാൻസ്. ദേശീയ അവാർഡ് നേടിയ ഉസ്താദ് ഹോട്ടലിന് ശേഷം നിർമ്മാണ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അൻവർ റഷീദ്. ബാംഗ്ലൂർ ഡെയ്സ്, പ്രേമം, പറവ വരെ എത്തിയിരിക്കുന്നു ആ ഹിറ്റ് ചാർട്ട്.

അമൽ നീരദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ വിൻസന്റ് വടക്കന്റേതാണ്. ഫഹദ് ഫാസിൽ, സൗബിൻ, വിനായകൻ, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, അൽഫോൻസ് പുത്രൻ തുടങ്ങിയ താരങ്ങളെല്ലാം ട്രാൻസിൽ അണിനിരക്കുന്നുണ്ട്.

അൻവർ റഷീദ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ശബ്ദ സംവിധാനം നിർവ്വഹിക്കുന്നത് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്. ഫെബ്രുവരി മൂന്നിന് ചിത്രം പുറത്തിറങ്ങും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ