സ്വയം ബഹുമാനിക്കുന്ന സ്ത്രീകളാണ് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത് എന്ന് നടന്‍ പൃഥ്വിരാജ്. കൂടുതല്‍ ലോകം കാണുമ്പോള്‍, കൂടുതല്‍ ആളുകളെ കാണുമ്പോള്‍ അവരവരായി ജീവിക്കുന്നതും അതില്‍ അഭിമാനിക്കുന്നതും അത്ര എളുപ്പമുള്ള കാര്യമല്ലെന്നു നമുക്കു മനസ്സിലാകുമെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞു.

സിനിമയില്‍ തന്നെ ആകര്‍ഷിച്ചിട്ടുള്ള നിരവധി സ്ത്രീകളുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം തോന്നിയിട്ടുള്ളത് നസ്രിയയോടാണെന്നും പൃഥ്വി വെളിപ്പെടുത്തി.

‘അടുത്തകാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടം നസ്രിയയോടാണ്. അവര്‍ എപ്പോഴും അവരാണ്. എന്തുകൊണ്ടാണ് താന്‍ ഇങ്ങനെയെന്ന് ഒരിക്കലും മറ്റുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ നസ്രിയ ശ്രമിച്ചിട്ടില്ല. അതുകൊണ്ടു തന്നെ നസ്രിയയോട് ഒരുപാട് സ്‌നേഹം തോന്നിയിട്ടുണ്ട്.’ പൃഥ്വിരാജ് പറഞ്ഞു.

മലയാളത്തിലെ യുവ താരങ്ങളിലെ ‘മോസ്റ്റ് ഡിസയറബിള്‍ മാന്‍’ ആര് എന്നു കണ്ടെത്താന്‍ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ മൽസരത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് പൃഥ്വിരാജാണ്. ഇത് രണ്ടാം തവണയാണ് പൃഥ്വി കൊച്ചി ടൈംസിന്റെ മോസ്റ്റ് ഡിസയറബിള്‍ മാന്‍ ഒഫ് ദ ഇയര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. മുമ്പ് 2012ലാണ് താരം പട്ടികയില്‍ ഒന്നാമതെത്തിയത്.

രണ്ടും മൂന്നും സ്ഥാനങ്ങളില്‍ യഥാക്രമം യുവസൂപ്പര്‍ താരങ്ങളായ ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയുമാണ്. ഫഹദ് ഫാസില്‍, ടൊവിനോ തോമസ് , റോഷന്‍ മാത്യു, ഷെയ്ന്‍ നിഗം, കാളിദാസ് ജയറാം, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ആദ്യ പത്തിടങ്ങളില്‍ സ്ഥാനം നേടി. പ്രണവ് മോഹന്‍ലാല്‍ പട്ടികയില്‍ 15-ാം സ്ഥാനത്താണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook