സിനിമാ രംഗത്ത് സ്വന്തം സഹോദരിയെ പോലെ അടുപ്പം തോന്നിയ നടി നസ്രിയയെന്ന് പൃഥ്വിരാജ്. ഫോണിലൂടെ സംസാരിച്ചപ്പോള്‍ അങ്ങനെയൊരു തോന്നല്‍ ഉണ്ടായെന്നും പൃഥ്വിരാജ് തുറന്നുപറഞ്ഞു. ‘ബ്രദേഴ്സ് ഡേ’ സിനിമയുടെ ഭാഗമായി മനോരമ ഓൺലെെനും വിവോയും ചേർന്നു സംഘടിപ്പിച്ച ‘ഡിന്നർ വിത് ടീം ബ്രദേഴ്സ് ഡേ’ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്.
“സിനിമാ മേഖലയിൽ കൂടുതല്‍ പേരെയും സുഹൃത്തുക്കളായാണ് തോന്നിയിട്ടുള്ളത്. സഹോദരിയെ പോലെ തോന്നിയിട്ടുള്ളത് നച്ചുവിനെയാണ് ( പിന്നീട് നസ്രിയ എന്ന് തിരുത്തുന്നു). ഫോണിലൂടെ സംസാരിച്ചപ്പോള്‍ നസ്രിയയോട് അങ്ങനെയൊരു ഫീലാണ് തോന്നിയിട്ടുള്ളത്. നസ്രിയ ഇടയ്ക്കിടെ വീട്ടില്‍ വരും. മകളുടെ അടുത്ത സുഹൃത്താണ്” പൃഥ്വിരാജ് പറഞ്ഞു.
“നസ്രിയയെ പരിചയപ്പെടും മുന്‍പേ സഹോദരി വേണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ കുടുംബത്തിലെ ഏറ്റവും ഇളയവനാണ്. കസിന്‍സ് എല്ലാവരും എന്നെക്കാൾ മുതിര്‍ന്നവരാണ്. ഏറ്റവും ഇളയതായതുകൊണ്ട് എനിക്ക് താഴെയൊരു സഹോദരി വേണമെന്ന ആഗ്രമുണ്ടായിരുന്നു” പൃഥ്വിരാജ് പറഞ്ഞു.
Read Also: ഇന്ത്യൻ സിനിമയിലെ ശശി തരൂരാണ് പൃഥ്വിരാജ് : പ്രസന്ന
അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘കൂടെ’ ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയായി അഭിനയിച്ചത് നസ്രിയയാണ്. ജോഷ്വാ എന്നായിരുന്നു കൂടെയിൽ പൃഥ്വിരാജിന്റെ നായക കഥാപാത്രത്തിന്റെ പേര്. ജെന്നിഫർ എന്നാണ് നസ്രിയയുടെ കഥാപാത്രത്തിന്റെ പേര്. ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച അഭിപ്രായവും ലഭിച്ചിരുന്നു.