വസ്ത്രധാരണത്തിന്റെ പേരിൽ അസഭ്യവർഷം നേരിട്ട നടി അനശ്വര രാജന് പിന്തുണയേറുന്നു. അനശ്വരയെ പിന്തുണച്ച് റിമ കല്ലിങ്കൽ, അഹാന കൃഷ്ണ, അനാർക്കലി മരിക്കാർ എന്നീ നടിമാരും ഗായിക അഭയ ഹിരൺമയിയുമാണ് കാലുകാണിച്ചുകൊണ്ടുള്ള തങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെ നസ്രിയ നസീമും എത്തി. അനശ്വരയ്ക്കും അനശ്വരയോടൊപ്പം നിന്നവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് താനും തന്റെ കാലുകൾ സമർപ്പിക്കുന്നു എന്ന് പറഞ്ഞ് നടൻ ഹരീഷ് പേരടിയും ഒരു ചിത്രം പോസ്റ്റ് ചെയ്തു.
“കാലുകൾ കാണുമ്പോൾ കാമം പൂക്കുന്ന സദാചാര കോമരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാർത്ഥമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു…അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകൾ സമർപ്പിച്ച് ഞാനും ഐക്യപെടുന്നു…ഈ ശരീര ഭാഷയുടെ രാഷ്ട്രീയം നൻമയുള്ള ലോകം ഏറ്റെടുക്കട്ടെ…” എന്നു പറഞ്ഞാണ് ഹരീഷ് പേരടി തന്റെ ചിത്രം പോസ്റ്റ് ചെയ്തത്.
അനശ്വരയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആദ്യമെത്തിയത് റിമയായിരുന്നു. കാൽമുട്ടിന് മുകളിൽ ഇറക്കമുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് റിമ അനശ്വരയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. ‘അത്ഭുതം സ്ത്രീകൾക്കും കാലുകളുണ്ട്’ എന്നാണ് മോണോക്കിനി ധരിച്ച ചിത്രം പങ്കുവച്ച് റിമ കുറിച്ചത് കാൽമുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള തങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചാണ് അഹാനയും അനാർക്കലിയും പ്രതിഷേധം രേഖപ്പെടുത്തിയത്. ഞങ്ങളുടെ വസ്ത്രധാരണം നിങ്ങളുടെ ബിസിനസ്സല്ല എന്നാണ് അനാർക്കലി പോസ്റ്റിൽ പറയുന്നത്.
സാരിയുടുക്കും, ചിലപ്പോ സ്വിം സൂട്ടിടും, അതിൽ നിങ്ങൾക്കെന്തു കാര്യം എന്നാണ് നടി അഹാന കൃഷ്ണ സൈബർ ലോകത്തെ സദാചാര കമ്മിറ്റിക്കാരോട് ചോദിച്ചത്. ഞാൻ എന്ത് ധരിക്കുന്നു എന്നോ മറ്റുള്ളവർ എന്ത് ധരിക്കുന്നു എന്നോ ഉള്ളത് നിങ്ങളുടെ കാര്യമല്ലെന്നും, നിങ്ങളുടെ കാര്യങ്ങൾ മാത്രമാണ് നിങ്ങളുടെ കാര്യങ്ങളെന്നും അഹാന പറയുന്നു. തന്റെ വസ്ത്രത്തിലേക്കല്ല, നിങ്ങളുടെ ചിന്തകളിലേക്കാണ് നോട്ടം ആവശ്യമെന്നും അഹാന കുറിച്ചു.
ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി അനശ്വര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളായിരുന്നു പലരേയും പ്രകോപിപ്പിച്ചത്. കഴിഞ്ഞദിവസമായിരുന്നു അനശ്വര തന്റെ 18ാം ജന്മദിനം ആഘോഷിച്ചത്. ‘പതിനെട്ട് വയസാകാൻ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാൻ’ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു സൈബർ ആക്രമണം.