‘ബിഗ് ബി’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ടാണ് സംവിധായകന് അമല്‍ നീരദിന്റെ പേര് നമ്മള് ഒടുവില്‍ കേട്ടത്. എന്നാല്‍ ആ ചിത്രത്തിന് മുന്‍പ് മറ്റൊരു ചിത്രത്തിലേക്ക് കടന്നിരിക്കുകയാണ് അമല്‍. ഫഹദ് നായകനായി അഭിനയിക്കുന്ന പേരിടാത്ത ആ ചിത്രം നിര്‍മ്മിക്കുന്നത് ഫഹദിന്റെ ഭാര്യയും അഭിനേത്രിയുമായ നസ്രിയയാണ്. ആദ്യമായാണ് നസ്രിയ നിര്‍മ്മാതാവിന്റെ വേഷമണിയുന്നത്. അമല്‍ നീരദുമായി നിര്‍മ്മാണത്തിലും സഹകരിച്ചാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു കഴിഞ്ഞു. ലിറ്റില്‍ സ്വയംപ് ആണ് ക്യാമറാമാന്. അഭിനേതാക്കളുടെ വിവരങ്ങളും മറ്റു വിശദാംശങ്ങളും ഇതുവരെ പുറത്തു വിട്ടിട്ടില്ല അണിയറപ്രവര്‍ത്തകര്‍.
നസ്രിയയുടെ പുതിയ കാല്‍വയ്പിനു അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ട് നടി പാര്‍വ്വതി സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. “നസ്രിയ ഫഹദ്, നിന്നില്‍ ഞാന്‍ അഭിമാനിക്കുന്നു. ഈ ചുവടു ചരിത്രം സൃഷ്ടിക്കുകയാണ്” എന്നാണു പാര്‍വ്വതി കുറിച്ചത്.
സിനിമയിലേക്ക് നസ്രിയ വിവാഹ ശേഷം തിരിച്ചെത്തുന്ന അഞ്ജലി മേനോന് ചിത്രത്തില്‍ നസ്രിയയും പാര്‍വ്വതിയും ഒരുമിച്ചഭിനയിച്ചിരുന്നു. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്.
മൂന്ന് ചിത്രങ്ങളിലൂടെ തിരക്കഥാകൃത്തായും സംവിധായികയായും മലയാള സിനിമയുടെ പുതുനിരയില്‍ സ്വന്തമായ ഇടം കണ്ടെത്തിയ ആളാണ് അഞ്ജലി മേനോന്. പുതിയ ചിത്രത്തിന്റെ തിരക്കഥയും അഞ്ജലി തന്നെയാണ് നിര്‍വ്വഹിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയും ലിറ്റില്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ ചുറ്റിപ്പറ്റിയാകും സിനിമയുടെ പോക്ക് എന്നാണ് അറിയുന്നത്. സഹോദരനായും, കാമുകനായും രണ്ട് വ്യത്യസ്ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. കാമുകിയായി പാര്‍വ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു. ചിത്രത്തിന്റെ ക്യാമറ ലിറ്റില്‍ സ്വയംപ്. പറവ എന്ന ചിത്രത്തിന് ശേഷം ലിറ്റില്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രമാണിത്. ഗാനങ്ങള്‍, എം.ജയചന്ദ്രനും രഘു ദീക്ഷിതും ചേർന്നൊരുക്കുന്നു. ഗാനരചന റഫീഖ് അഹമ്മദ്.

കാര്‍ബണ്‍ എന്ന ചിത്രമാണ് അവസാനമായി തിയേറ്ററിലെത്തിയ ഫഹദ് ഫാസില്‍ ചിത്രം. ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്ത ചിത്രത്തില്‍ മംമ്ത മോഹന്‍ദാസായിരുന്നു നായിക.
പ്രമുഖ സംവിധായകന് മണിരത്നത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ചെക്ക ചിവന്ത വാന’ത്തില്‍ അഭിനയിക്കാനിരുന്ന ഫഹദ് ഡേറ്റ് പ്രശ്നങ്ങള്‍ കാരണം അത് ഉപേക്ഷിച്ചു. തമിഴിലെയും ബോളിവുഡിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ഫഹദും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ‘ട്രാൻസി’ലൂടെ നസ്രിയയും ഫഹദും വെള്ളിത്തിരയില്‍ വീണ്ടും ഒന്നിക്കും എന്നും വാര്‍ത്തകള്‍ ഉണ്ട്. ദുൽഖർ സൽമാൻ നായകനായ ‘ഉസ്താദ് ഹോട്ടലി’ന് ശേഷം സംവിധാന രംഗത്തേക്ക് അൻവർ റഷീദ് മടങ്ങിവരുന്ന ചിത്രമാണ് ‘ട്രാൻസ്’. ദേശീയ അവാർഡ് നേടിയ ‘ഉസ്താദ് ഹോട്ടലി’ന് ശേഷം നിർമ്മാണ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അൻവർ റഷീദ്. ‘ബാംഗ്ലൂർ ഡെയ്സ്’, ‘പ്രേമം’, ‘പറവ’ വരെ എത്തിയിരിക്കുന്നു ആ ഹിറ്റ് ചാർട്ട്.
അമൽ നീരദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ വിൻസന്റ് വടക്കന്റേതാണ്. ഫഹദ് ഫാസിൽ, സൗബിൻ, വിനായകൻ, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, അൽഫോൻസ് പുത്രൻ തുടങ്ങിയ താരങ്ങളെല്ലാം ‘ട്രാൻസി’ൽ അണിനിരക്കുന്നുണ്ട്.
അൻവർ റഷീദ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ശബ്ദ സംവിധാനം നിർവ്വഹിക്കുന്നത് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്.