‘പ്രമാണി’ എന്ന ചിത്രത്തിന്റെ ലോക്കേഷനിലാണ് ആ ചെറിയ പെണ്‍കുട്ടിയെ ആദ്യം കണ്ടതെന്ന് മാലാ പാര്‍വ്വതി ഓര്‍ക്കുന്നു. സദാ ചിരിക്കുകയും നിര്‍ത്താതെ സംസാരിക്കുകയും ചെയ്യുന്ന ഒരു സുന്ദരിക്കുട്ടി. നസ്രിയ എന്നായിരുന്നു അവളുടെ പേര്.
“ബി.ഉണ്ണികൃഷന് സംവിധാനം ചെയ്ത ‘പ്രമാണി’യില്‍ ഫഹദ് ഫാസിലിന്റെ അമ്മയും പ്രഭുവിന്റെ ഭാര്യയുമായ ആനി ടീച്ചര്‍ എന്ന വേഷമായിരുന്നു എനിക്ക്. ഒന്നോ രണ്ടോ ദിവസം മാത്രമേ ഷൂട്ടിങ് ഉണ്ടായിരുന്നുള്ളൂ. പക്ഷേ അന്നവിടെ കണ്ട കൊച്ചു നസ്രിയ മനസ്സില്‍ തങ്ങി നിന്നു.
അതുകൊണ്ടാണ് മണിയന്‍പിള്ള രാജു ചേട്ടന് ‘ഒരു നാള് വരും’ എന്ന ടി.കെ.രാജീവ് കുമാര്‍-മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി ഒരു പെണ്‍കുട്ടിയെ അന്വേഷിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ നസ്രിയയുടെ പേര് പറഞ്ഞത്.”
പിന്നീട് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘ഓം ശാന്തി ഓശാന’ എന്ന ചിത്രത്തിലും മാലാ പാര്‍വ്വതിയും നസ്രിയയും ഒന്നിച്ചഭിനയിച്ചു. നസ്രിയയുടെ സ്കൂള്‍ പ്രിന്‍സിപ്പലിന്റെ വേഷമായിരുന്നു മാലാ പാര്‍വ്വതിയ്ക്ക്. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം നസ്രിയയുമായി വീണ്ടും ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് മാലാ പാര്‍വ്വതി. അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന ‘കൂടെ’ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ്, പാര്‍വ്വതി തിരുവോത്ത് എന്നിവര്‍ക്കൊപ്പം മുഖ്യകഥാപാത്രങ്ങളില്‍ ഒന്നായി നസ്രിയ എത്തുന്നത്. സഹതാരങ്ങളായി പ്രധാനികളായി മാലാ പാര്‍വ്വതിയും സംവിധായകന് രഞ്ജിത്തുമുണ്ട്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും ഒരു ചെറിയ ‘ബ്രേക്ക്’ എടുത്ത നസ്രിയ വീണ്ടും സിനിമയില്‍ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.
“വിവാഹം കഴിഞ്ഞ് കുറച്ചു നാളുകള്‍ക്ക് ശേഷം ഒരിക്കല്‍ ഫഹദിനേയും നസ്രിയയേയും ഒരിക്കല്‍ വിമാനത്തിൽ വച്ച് കണ്ടിരുന്നു. അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുമോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ നസ്രിയ അന്ന് തന്നെ പറഞ്ഞിരുന്നു, അഞ്ജലി ചേച്ചിയുടെ അടുത്ത പടത്തില്‍ എന്തായാലും അഭിനയിക്കും എന്ന്.
അതുകൊണ്ട് ഈ പ്രൊജക്റ്റ് അറിയിപ്പ് കേട്ടപ്പോള്‍ അത്ഭുതമൊന്നും തോന്നിയില്ല. അഞ്ജലിയുമായി അത്രയ്ക്ക് അടുപ്പമാണ് നസ്രിയയ്ക്ക്.”
അഞ്ജലി മേനോന് സംവിധാനം ചെയ്ത ‘ബാംഗ്ലൂര്‍ ഡേയ്സ്’ എന്ന ചിത്രത്തില്‍ ദിവ്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു നസ്രിയ. ഫഹദ് അവതരിപ്പിച്ച ദാസിനെ വിവാഹം കഴിച്ചു ബാംഗ്ലൂര്‍ നഗരത്തിലേക്ക് ചേക്കേറുന്ന ദിവ്യ, പൂര്‍വ്വ പ്രണയത്തിന്റെ ഓര്‍മ്മകളില്‍ പിടഞ്ഞ്, തന്നില്‍ നിന്നും അകന്നു കഴിയുന്ന ദാസിനെ സ്നേഹം കൊണ്ട് ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരുന്നതാണ് കഥ. വിവാഹത്തിനു മുന്‍പ് താന്‍ കണ്ട സ്വപ്നങ്ങളേയും ആ കൂട്ടത്തില്‍ തിരിച്ചുപിടിക്കുന്നുണ്ടവള്. മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാണ് അഞ്ജലി മേനോന് തന്നെ എഴുതിയിട്ടുള്ള ‘ബാംഗ്ലൂര്‍ ഡേയ്സ്’.
“അഞ്ജലിയും നസ്രിയയും തമ്മില്‍ ഒരു പ്രത്യേക കെമിസ്ട്രിയാണ്. അതുകൊണ്ടാണ് നസ്രിയയ്ക്ക് ഇത്ര മനോഹരമായി അഞ്ജലിയുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഷൂട്ടിങ് വേളയില്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്, പരസ്പരം കണ്ണില്‍ നോക്കിയാല്‍ അവര്‍ക്ക് മനസ്സിലാകും, എന്താണ് അവര്‍ ‘communicate’ ചെയ്യാന്‍ ഉദേശിക്കുന്നത് എന്ന്.”, ഊട്ടിയില്‍ നടന്ന ‘കൂടെ’യുടെ ഷൂട്ടിങ് ദിനങ്ങളെ അനുസ്മരിച്ച് കൊണ്ട് മാലാ പാര്‍വ്വതി പറഞ്ഞു.

“അഞ്ജലിയും നസ്രിയയും തമ്മില്‍ ഒരുപാട് കാര്യങ്ങളില്‍ സാമ്യതകളുണ്ട് എന്ന് തോന്നും. ഗള്‍ഫില്‍ വളര്‍ന്നവരാണ് ഇരുവരും. പല കാര്യങ്ങളും ഒരു പോലെയാണ് ചിന്തിക്കുന്നത്. അഞ്ജലിയുടെ ഒരു ‘മിനിയേച്ചര്‍’ ആണ് നസ്രിയ. അഞ്ജലി ചെറുപ്പത്തില്‍ ഇതുപോലെ തന്നെ ആയിരുന്നിരിക്കണം. അത്രയ്ക്കാണ് അവര്‍ തമ്മിലുള്ള ഐഡന്‍ഫിക്കേഷന്‍.”
ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷമാണ് നസ്രിയയ്ക്ക്. ലൊക്കേഷനിലും അങ്ങനെ തന്നെയായിരുന്നു എന്ന് മാലാ പാര്‍വ്വതി.
“ഒരു ചേട്ടന് അനിയത്തിയെ കൊഞ്ചിച്ചും കളിപ്പിച്ചുമൊക്കെ എങ്ങനെ കൊണ്ട് നടക്കുമോ, അങ്ങനെ തന്നെയായിരുന്നു പൃഥ്വിയും നസ്രിയയും. ‘നച്ചു, നച്ചു’ എന്ന് വിളിച്ച് ഇണക്കവും പിണക്കവുമായി കൂടെ നടക്കും. അടുത്തിടെ നസ്രിയയുടെ പിറന്നാള്‍ ആശംസിച്ചു കൊണ്ട് പൃഥ്വി പറഞ്ഞു, എന്റെ ബേബി സിസ്റ്റര്‍ നസ്രിയ എന്ന്. ജീവിതത്തിലും അങ്ങനെയായത് കൊണ്ട്, സിനിമയില്‍ അവരുടെ ഒരുമിച്ചുള്ള രംഗങ്ങള്‍ എല്ലാം അതീവ ഹൃദ്യമാകും എന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെ ആവാതെ തരമില്ല. അത്ര ‘സ്വീറ്റ്’ ആയ ഒരു കഥയാണ് ‘കൂടെ’യുടേത്.”
‘ബന്ധങ്ങളുടെ ഹൃദയഹാരിയായ കഥ’ എന്നാണ് സംവിധായിക ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ഈ സിനിമ ഉണ്ടാക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഉണ്ടായ സന്തോഷം ഇത് കാണുമ്പോള്‍ നിങ്ങള്‍ക്കും ഉണ്ടാകും എന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു എന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് കൊണ്ട് അഞ്ജലി മേനോന് പറഞ്ഞത്.

“ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പ് ഒരു ക്യാംപ് ഉണ്ടായിരുന്നു. അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊക്കെ പരിചയപ്പെടാനും ആ സിനിമയെക്കുറിച്ചുള്ള അവരുടെ തയ്യാറെടുപ്പുകള്‍ പരസ്പരം പങ്കുവയ്ക്കാനുമൊക്കെയുള്ള ഒരു വേദി. നാടക പ്രവര്ത്തകന് വിനു ജോസഫ് ആയിരുന്നു ക്യാംപിന്റെ സംഘാടകന്‍. നസ്രിയയായിരുന്നു ആ ക്യാംപിന്റെയും ജീവന്. നല്ല തമാശകള്‍ പറഞ്ഞു എല്ലാവരേയും ചിരിപ്പിക്കാന്‍ കഴിവുള്ള ‘വിറ്റി’യായ ഒരാളാണ് നസ്രിയ. നന്നായി പാടുകയും ചെയ്യും ആ കുട്ടി. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയില്‍ മത്സരാര്‍ഥിയായി പങ്കെടുക്കാന്‍ എത്തിയ നസ്രിയയാണ് പിന്നീട് അവതാരകായി തീര്‍ന്നത് എന്ന് കേട്ടിട്ടുണ്ട്. ഷൂട്ടിങ് ഇടവേളകളില്‍ അന്താക്ഷരിയൊക്കെ കളിക്കുമ്പോള്‍ നസ്രിയ പാടുന്നത് വേറിട്ട് കേള്‍ക്കും.”
‘കൂടെ’യുടെ പ്രചരണാര്‍ത്ഥം പുറത്തു വന്ന ആദ്യ ചിത്രങ്ങളില്‍ ഒന്ന് ഒരു വലിയ നായയ്ക്കൊപ്പം മരങ്ങള്‍ക്കിടയിലൂടെ നസ്രിയ ഓടുന്ന ചിത്രമാണ്. ഒരു കടുത്ത ‘ഡോഗ്-ലവര്’ കൂടിയാണ് നസ്രിയ എന്നും മാലാ പാര്‍വ്വതി ഓര്‍ക്കുന്നു.
“നസ്രിയയുടെ ഒരു പെറ്റ് ഡോഗ് ഉണ്ട്. ഓറിയോ എന്നാണ് പേര്. ഊട്ടിയില്‍ കൊണ്ട് വന്നിരുന്നു അതിനെ. വലിയ സ്നേഹമാണ് നസ്രിയയ്ക്ക് നായ്കുട്ടികളോട്.”
രഞ്ജിത് രജപുത്ര-ലിറ്റില്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘കൂടെ’യിലെ മറ്റു അഭിനേതാക്കള്‍ ദേവന്, റോഷന്, പൗളി വിത്സന്, സി.ആര്.രാജന്, ജോളി ചിറയത്ത്, ഫ്രാങ്കോ എന്നിവരാണ്. ക്യാമറ-ലിറ്റില്‍ സ്വയംപ്, എഡിറ്റിങ്-പ്രവീണ്‍ പ്രഭാകര്‍, സംഗീത സംവിധാനം-എം.ജയചന്ദ്രന്, രഘു ദീക്ഷിത്, വരികള്‍. റഫീക്ക് അഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈന്‍. അരവിന്ദ് അശോക് കുമാര്‍, വസ്ത്രാലങ്കാരം. പമ്പാ ബിശ്വാസ്, മേക്കപ്പ്. മിറ്റാ ആന്റണി, ശബ്ദലേഖനം. അജയന് അടാട്ട്, സൗണ്ട് ഡിസൈന്‍. ബയ്ലോന് ഫോണ്സീക്ക, സ്റ്റില്‍സ്. ബിജിത്ത് ധര്‍മ്മടം. ചിത്രം ജൂലൈ മാസം ചിത്രം തിയേറ്ററുകളില്‍ എത്തും.
ചിത്രങ്ങള്‍. #KoodeTheMovie