നസ്രിയ നസിമിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ‘അണ്ടേ സുന്ദരാനികി’. ഒരിടവേളയ്ക്കുശേഷം നസ്രിയ നായികയാവുന്ന സിനിമയാണിത്. നാനിയാണ് ചിത്രത്തിലെ നായകൻ. ഒരു റൊമാന്റിക് കോമഡി എന്റർടെയ്നറാണ് ചിത്രം. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. ജൂൺ 10നാണ് ചിത്രം റിലീസ് ചെയ്യുക.
‘അണ്ടേ സുന്ദരാനികി’ സിനിമയുടെ പ്രൊമോഷൻ തിരക്കിലാണ് നസ്രിയ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കാൻ നസ്രിയ എത്തിയിരുന്നു. ഡാർക്ക് പിങ്ക് നിറത്തിലുള്ള കഫ്താൻ ചുരിദാർ അണിഞ്ഞാണ് നസ്രിയ എത്തിയത്.
വിവേക് അത്രേയ ആണ് ‘അണ്ടേ സുന്ദരാനികി’ സിനിമ സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യയുടെ പ്രിയ നടിമാരിൽ ഒരാളായ നദിയ മൊയ്തുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നസ്രിയ നായികയാകുന്ന ആദ്യ തെലുങ്ക് ചിത്രത്തിനായ് കാത്തിരിക്കുകയാണ് മലയാളികളും. 2020ൽ റിലീസ് ചെയ്ത ‘ട്രാൻസി’ന് ശേഷമുള്ള നസ്രിയയുടെ സിനിമ കൂടിയാണിത്.
ഹര്‍ഷ വര്ദ്ധന്, രാഹുല്‍ രാമകൃഷ്ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ എന്നിവരാണ് ‘അണ്ടേ സുന്ദരാനികി’ സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
Read More: ഒരു കുടുംബചിത്രം; ദുൽഖറിനും അമാലിനുമൊപ്പമുള്ള ചിത്രവുമായി നസ്രിയ