വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ചാക്കോച്ചന്റേയും പ്രിയയുടേയും ജീവിതത്തിലേക്ക് വന്ന വിളക്കാണ് ഇസഹാക്ക് എന്ന ഇസ. വിവാഹം കഴിഞ്ഞ് 14 വർഷമാണ് ഇരുവരും ഒരു കുഞ്ഞിനായി കാത്തിരുന്നത്. ഇസഹാക്കിന്റെ ജനനം ചാക്കോച്ചനും പ്രിയയ്ക്കും മാത്രമല്ല സിനിമയ്ക്കകത്തും പുറത്തുമുള്ളവർക്കെല്ലാം സന്തോഷമായിരുന്നു. ഇസയെ കാണാൻ എത്തിയിരിക്കുകയാണ് നസ്രിയയും ദുൽഖർ സൽമാന്റെ ഭാര്യ അമാൽ സൂഫിയയും. ഇതിന്റെ ചിത്രം പ്രിയയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

അമാലും നസ്രിയയും ഒന്നിച്ചാണ് ഇസയെ കാണാൻ എത്തിയത് എന്നതും ശ്രദ്ധേയമാണ്. നസ്രിയയും അമാലും അടുത്ത സുഹൃത്തുക്കളാണ്. നസ്രിയ പലപ്പോഴും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ഇസഹാക്കിന്റെ കുഞ്ഞു കുഞ്ഞ് വിശേഷങ്ങളും അവന്റെ ചിരികളും കുസൃതികളുമാണ് ഇപ്പോൾ ചാക്കോച്ചന്റേയും പ്രിയയുടേയും ലോകം. അടുത്ത മാസം ഇസയ്ക്ക് ഒരു വയസ് തികയും.

Read More: ഭാര്യ തന്ന ഏറ്റവും മനോഹരമായ വാലന്റൈൻസ് ഡേ സമ്മാനം; ഇസയെ എടുത്തുയർത്തി ചാക്കോച്ചൻ

ഏപ്രിൽ 17 നാണ് താൻ അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്. 42 വയസുകാരനായ കുഞ്ചാക്കോ ബോബന്‍ 2005 ലാണ് പ്രിയ സാമുവേലിനെ വിവാഹം ചെയ്യുന്നത്. ചാക്കോച്ചന്റെ ജീവിതം ഇപ്പോൾ കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ് എന്ന് നേരത്തേ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയ പറഞ്ഞിരുന്നു.

‘ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്,” മകനുമായുള്ള ചാക്കോച്ചന്റെ അടുപ്പത്തെ കുറിച്ച് പ്രിയയുടെ വാക്കുകൾ. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയയും ചാക്കോച്ചനും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook