മലയാളത്തിന്റെ പ്രിയപ്പെട്ട താരജോഡികളാണ് ഫഹദും നസ്രിയയും. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്ന രണ്ടുപേർ. അഞ്ജലി മേനോന് ചിത്രമായ ബാഗ്ലൂര് ഡെയ്സിന്റെ ഷൂട്ടിനിടയിലാണ് ഫഹദും നസ്രിയയും അടുക്കുന്നത്. ഇരുവരും വിവാഹിതരാവുന്നുവെന്ന വാർത്ത അത്ഭുതത്തോടെയാണ് ആരാധകർ കേട്ടത്. ഇന്നാകട്ടെ, മലയാളത്തിലെ പവർ കപ്പിൾസ് ആണ് ഇരുവരും. അഭിനയത്തിനൊപ്പം നിർമ്മാണരംഗത്തും ശോഭിക്കുന്ന രണ്ടുപേർ.
ഇപ്പോഴിതാ, ഒരു അഭിമുഖത്തിൽ നസ്രിയ ഫഹദിനെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മലയാളത്തിൽ ഇനി കൂടെ അഭിനയിക്കണമെന്ന് തോന്നിയിട്ടുള്ളത് ആർക്കൊപ്പമാണ് എന്ന അവതാരകന്റെ ചോദ്യത്തിന് ഫഹദ് എന്നാണ് നസ്രിയ ഉത്തരമേകുന്നത്. ഫഹദ് ഒരു ബ്രില്ല്യന്റ് നടനാണെന്നും നസ്രിയ പറഞ്ഞു വയ്ക്കുന്നുണ്ട്.
അന്ന് കൂടെ അഭിനയിക്കാൻ ആഗ്രഹിച്ച നടൻ പിന്നീട് നസ്രിയയുടെ ജീവിതപങ്കാളിയായി മാറിയത് നിയോഗം. അന്ന് ഇന്റർവ്യൂ കൊടുക്കുമ്പോൾ ഇങ്ങനെയൊരു ക്ലൈമാക്സ് നസ്രിയ ചിന്തിച്ചുകാണില്ല എന്ന തലക്കെട്ടോടെയാണ് ഇരുവരുടെയും ഫാൻസ് ഗ്രൂപ്പുകളിൽ ഈ പഴയ വീഡിയോ വൈറലാവുന്നത്.
ബാംഗ്ലൂർ ഡെയ്സിൽ ഒന്നിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാവുന്നത്. നസ്രിയ തന്നെ പ്രപ്പോസ് ചെയ്തതിനെ കുറിച്ച് ഫഹദ് പിന്നീടൊരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ. “ബാംഗ്ലൂർ ഡേയ്സിന്റെ ഷൂട്ടിങ് നടക്കുമ്പോൾ ഞങ്ങൾ പരസ്പരം നോക്കിയിരിക്കാനൊക്കെ തുടങ്ങി. പുറത്ത് ലൈറ്റപ്പ് നടക്കുമ്പോൾ ഞാനും നസ്രിയയും മാത്രമായിരുന്നു മുറിയിൽ. ഇടയ്ക്ക് നസ്രിയ എന്റെ അടുത്തുവന്നിട്ട്, എടോ തനിക്കെന്നെ കല്യാണം കഴിക്കാൻ പറ്റുമോയെന്ന് ചോദിച്ചു.”
തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് നസ്രിയ ജീവിതത്തിലേക്ക് വന്നതാണെന്ന് പലയാവർത്തി ഫഹദ് പറഞ്ഞിട്ടുണ്ട്. “നസ്രിയ വന്നപ്പോൾ ജീവിതം അർഥ പൂർണമായി. ‘അലസനും മടിയനുമായ വ്യക്തിയാണ് ഞാൻ, വീട്ടിൽനിന്ന് പുറത്തുപോലും ഇറങ്ങാറുണ്ടായിരുന്നില്ല. അങ്ങനെയുളള ഒരാളെ ഉത്സാഹത്തോടെ നേർവഴിക്ക് നടത്താൻ നസ്രിയയ്ക്ക് കഴിഞ്ഞു,” എന്നാണ് ഒരിക്കൽ ഫഹദ് പറഞ്ഞത്.
“എന്റെ ചെറിയ നേട്ടങ്ങൾ പോലും ഞാൻ നസ്രിയയുടെ ഒപ്പം ജീവിതം പങ്കിടാൻ തുടങ്ങിയ ശേഷമാണ് ഉണ്ടായത്. ഇതൊന്നും ഞാൻ ഒറ്റക്ക് ചെയ്യിലായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. നസ്രിയക്ക് ഞങ്ങളുടെ കാര്യത്തിൽ ഉറപ്പ് തോന്നിയില്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്താകുമെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു.”

“എനിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതിനാൽ നസ്രിയക്ക് ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ വേണ്ടെന്നു വെക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ അത്തരം ചിന്തകളൊക്കെ എന്നെ അലട്ടിയിരുന്നപ്പോൾ നസ്രിയയുടെ മറുപടി ഇങ്ങനെയായിരുന്നു, “ഹലോ മെത്തേഡ് ആക്ടർ, നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം? ലളിതമായ ഒരൊറ്റ ജീവിതമേ നമുക്കുള്ളു. അത് സ്വന്തം ഇഷ്ടത്തിന് ജീവിക്കുക”. ഞങ്ങൾ വിവാഹിതരായിട്ട് ഏഴ് വർഷമായി. ഇപ്പോഴും ഞാൻ ടി.വിയുടെ റിമോട്ട് ബാത്ത് റൂമിൽ മറന്നു വയ്ക്കുമ്പോൾ ‘നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം?’ എന്ന ചോദ്യം നസ്രിയ ആവർത്തിക്കും. കഴിഞ്ഞ ഏഴു വർഷം എനിക്ക് ഞാൻ അർഹിക്കുന്നതിലും കൂടുതൽ ലഭിച്ചു. ഞങ്ങൾ ഒന്നിച്ചു ജോലി ചെയ്യുന്നു, പരസ്പരം പിന്തുണയ്ക്കുന്നു, ഒന്നിച്ചു നിൽക്കുന്നു.”

കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം. അതിനുശേഷം സിനിമയിൽനിന്നും വിട്ടുനിന്ന നസ്രിയ ‘കൂടെ’യിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ എത്തിയത്. ഫഹദിനൊപ്പം ട്രാൻസിലും നസ്രിയ അഭിനയിച്ചിരുന്നു. ദുൽഖർ നിർമ്മിച്ച ‘മണിയറയിലെ അശോകൻ’ എന്ന ചിത്രത്തിലും നസ്രിയ അതിഥി വേഷത്തിലെത്തിയിരുന്നു,
തെലുങ്ക് സിനിമയിലും നസ്രിയ അടുത്തിടെ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ‘എന്റെ സുന്ദരിനികി’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാനിയാണ് നായകൻ. നികേത് ബൊമ്മി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ നദിയ മൊയ്തു, തൻവി റാം എന്നിവരും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Read more: ജോജി പിന്നിലുണ്ട്, സൂക്ഷിക്കുക; നസ്രിയയുടെ ഫോട്ടോയ്ക്ക് ആരാധകരുടെ പ്രതികരണം