നയൻതാര-ബാലയ്യ ജോഡികൾ ഒന്നിച്ചാൽ പിന്നെ സിനിമ സൂപ്പർഹിറ്റാണ്. സിംഹ, ശ്രീ രാമരാജ്യം എന്നീ സിനിമകൾക്കുശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ജയ് സിംഹ. കെ.എസ്.രവികുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിൽ കരാർ ഒപ്പിടുന്നതിനുമുൻപേ നയൻതാര മുന്നോട്ടുവച്ച ചില നിബന്ധനകളെക്കുറിച്ചുളള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

തെലുങ്ക് സിനിമകളോട് നനതാരയ്ക്ക് ഭ്രമം ഒന്നുമില്ല. സംവിധായകൻ കെ.എസ്.രവികുമാറിന്റെ ചിത്രം ആയതുകൊണ്ട് മാത്രമാണ് നയൻസ് ജയ് സിംഹയിൽ അഭിനയിച്ചതെന്നാണ് വിവരം. സിനിമയിൽ അഭിനയിക്കുന്നതിന് ചില നിബന്ധനകളും നയൻസ് മുന്നോട്ടുവച്ചതായി സിനിമയോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. ബാലയ്യയുമായി അടുത്ത് ഇടപഴകുന്ന രംഗങ്ങൾ ഉണ്ടാവരുത്, ഇതിനുമുൻപു തെലുങ്ക് സിനിമകളിൽ ചെയ്തതുപോലെയുളള ഐറ്റം ഗാനത്തിൽ അഭിനയിക്കില്ല. ഈ നിബന്ധനകളാണ് നയൻസ് മുന്നോട്ടുവച്ചത്.

മറ്റൊരു അതിശയകരമായ കാര്യം നയൻതാരയുടെ നിബന്ധനകളെല്ലാം സിനിമയുടെ അണിയറപ്രവർത്തകർ അംഗീകരിച്ചുവെന്നതാണ്. ടോളിവുഡിലെ നയൻസിന്റെ ആരാധകരെയും ബാലയ്യയുമായുളള നയൻസിന്റെ ജോഡിപ്പൊരുത്തവുമാണ് അണിയറ പ്രവർത്തകരെ ഇതിനു സമ്മതം മൂളിയത്. ഈ നിബന്ധനകൾക്കൊപ്പം നല്ലൊരു തുക പ്രതിഫലമായി നയൻതാര കൈപ്പറ്റിയെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ