ഡയാന മറിയം കുര്യൻ എന്നു പറയുന്നതിനെക്കാൾ നയൻതാര എന്നു പറയുന്നതാവും പ്രേക്ഷകർക്ക് മനസിലാക്കാൻ എളുപ്പം. തിരുവല്ലക്കാരി ഡയാന നയൻതാരയായത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസിനക്കരെ’ എന്ന ആദ്യ ചിത്രത്തിലൂടെയാണ്. 1984 നവംബർ 18 ന് തിരുവല്ലയിലെ സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന നയൻതാര, ഇന്ന് തെന്നിന്ത്യൻ സിനിമയ്ക്ക് പകരം വയ്ക്കാൻ കഴിയാത്തൊരു സാന്നിധ്യമാണ്.
Read More: ഇതായിരുന്നു തുടക്കം; നയന്‍താര ആദ്യം മുഖം കാണിച്ചത് മിനിസ്‌ക്രീനില്‍, വീഡിയോ
കഴിഞ്ഞദിവസം എരമല്ലൂർ സ്വദേശിയായ ജോൺ ഡിറ്റോ പിആർ ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. കുറിപ്പിൽ പറയുന്നത് ഡയാന എന്ന പേര് മാറ്റി നയൻതാര എന്ന പേര് നിർദേശിച്ചത് താനാണ് എന്നായിരുന്നു. എന്നാൽ ജോണിന്റെ വാക്കുകൾ നിഷേധിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.
ജോൺ ഡിറ്റോ പിആറിന്റെ കുറിപ്പിന്റെ പൂർണരൂപം:
“2003.. തിരക്കഥാകൃത്തും സംവിധായകനുമായ A K Sajan സാറിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റായി ഞാൻ പ്രവർത്തിച്ചിരുന്ന കാലം. ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റസ്റ്റ് ഹൗസിൽ താമസിക്കുകയായിരുന്നു. ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റിൽ ഫോട്ടോഗ്രാഫർ സ്വാമിനാഥൻ സാറിനെക്കാണാൻ എത്തി. വിശേഷം പറഞ്ഞ കൂട്ടത്തിൽ ഷൊർണൂരിൽ സത്യൻ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേര് വേണമെന്നും പറഞ്ഞു. ക്രിസ്ത്യൻ പെൺകുട്ടി ഡയാനയെന്നാണ് പേരത്രെ.
“ഡിറ്റോ ഒരു പേര് ആലോചിക്ക് “സർ നിർദേശിച്ചു.
ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാൻ ചിന്തിച്ചു. മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെൺകുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി. ‘നയൻതാര’. ഞാൻ പറഞ്ഞു: നയൻതാര ..
സാജൻസാർ തലയാട്ടി. സ്വാമിനാഥൻ സാറും തലകുലുക്കി. പിന്നീട് മനസിനക്കരെ എന്ന സിനിമയുടെ പേരും നായിക നയൻതാരയുടെ പേരും സത്യൻ സർ അനൗൺസ് ചെയ്തു. അങ്ങനെ തെന്നിന്ത്യയിലെ സൂപ്പർ നായികയുടെ പേരിട്ട ഞാൻ സമ്പൂർണ പരാജിതനായി വീട്ടിലിരിക്കുന്നു. നായിക ഇതൊന്നുമറിയാതെ തലൈവർ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു.
ഇന്ന് സാജൻ സാറിനെക്കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നപ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓർത്തത്. “പുതിയ നിയമം” എന്ന മമ്മൂട്ടിപ്പടം സാജൻ സർ ഡയറക്റ്റ് ചെയ്തപ്പോൾ നായികയായ നയൻതാരയെ കാണാൻ കഴിഞ്ഞിരുന്നില്ല. എങ്കിൽ ഈ കഥ പറയാമായിരുന്നു.”
Read More: സിഎക്കാരിയാകാൻ മോഹിച്ച് തെന്നിന്ത്യയുടെ താരറാണിയായ നയൻതാര
എന്നാൽ ജോണിന്റെ വാക്കുകൾ നിഷേധിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ജോൺ ഡിറ്റോ ആരാണെന്ന് തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
“ഇങ്ങനെയൊരു തർക്കത്തിന്റെയോ അവകാശവാദത്തിന്റെയോ ആവശ്യം ഈ വിഷയത്തിലുണ്ടെന്നു പോലും ഞാൻ കരുതുന്നില്ല. മനസിനക്കരെ ചിത്രീകരണം നടക്കുന്ന സമയത്ത് ഒരു ദിവസം രാവിലെ ഞാനും രഞ്ജൻ പ്രമോദും ആലോചിച്ചുണ്ടാക്കിയ ചില പേരുകൾ ഒരു ലിസ്റ്റായി എഴുതി നയൻതാരയ്ക്ക് കൊടുത്തു. നയൻതാര തന്നെയാണ് അതിൽ നിന്ന് ഇഷ്ടപ്പെട്ട പേര് തിരഞ്ഞെടുത്തത്,” സത്യൻ അന്തിക്കാട് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.