തമിഴകത്തെ താരറാണിയാണെന്ന് ഒരിക്കൽക്കൂടി നയൻതാര തെളിയിച്ചിരിക്കുന്നു. ‘ലേഡി സൂപ്പർ സ്റ്റാർ’ എന്ന് തമിഴ് മക്കൾ നയൻസിനെ വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് ‘അറം’ എന്ന പുതിയ ചിത്രം കണ്ടാൽ മതി. പക്ഷേ ഇപ്പോൾ തമിഴ് മക്കൾ നയൻസിന് മറ്റൊരു പേരു കൂടി ചാർത്തിക്കൊടുത്തിരിക്കുന്നു, ‘തലൈവി നയൻതാര’.

അറമിന്റെ പ്രൊമോഷനായി ചെന്നൈയിലെ കാസി തിയേറ്ററിൽ എത്തിയപ്പോഴായിരുന്നു നയൻതാരയെ ‘എങ്കൾ തലൈവി നയൻതാര’ എന്ന് വിളിച്ച് ആരാധകർ വരവേറ്റത്. ഇതിനു മുൻപ് ഇത്രയും സ്നേഹത്തോടെ ജയലളിതയെ മാത്രമായിരിക്കും തമിഴ് മക്കൾ തലൈവി എന്നു വിളിച്ചിട്ടുണ്ടാവുക. നയൻതാരയുടെ വരവ് കണ്ടാൽ ശരിക്കും തലൈവി എന്നു വിളിക്കാൻ തോന്നുമെന്നത് മറ്റൊരു വസ്തുതയാണ്.

നീല സാരിയണിഞ്ഞ് ഒരു നേതാവെന്നു തോന്നുംവിധമുളള ലുക്കിലാണ് നയൻസ് എത്തിയത്. നയൻതാര വരുന്നതറിഞ്ഞ് നിരവധി പേർ തിയേറ്ററിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. നയൻസ് കാറിൽനിന്നും ഇറങ്ങിയ ഉടൻ തന്നെ ആരാധകർ ‘എങ്കൾ തലൈവി നയൻതാര’ എന്നു വിളിക്കാൻ തുടങ്ങി. ഇതുകേട്ട നയൻസ് പുഞ്ചിരിയോടെ കൈകൾ ആരാധകർക്കുനേരെ ഉയർത്തിക്കാട്ടി തന്‍റെ സ്നേഹം അറിയിച്ചു.

‘മതിവദനി’ എന്ന കലക്ടറുടെ വേഷത്തിൽ നയൻതാരയെത്തിയ ‘അറം’ സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. എല്ലായിടത്തുനിന്നും ചിത്രത്തിന് പോസിറ്റീവ് റിവ്യൂ ആണ് ലഭിക്കുന്നത്. നയൻതാര ഇതുവരെ ചെയ്ത സിനിമകളിൽനിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് അറമിലേത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ