തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായകമാരിൽ നയൻതാര കഴിഞ്ഞേ മറ്റാർക്കും സ്ഥാനമുളളൂ. മലയാള സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് നയൻതാര എത്തിയതെങ്കിലും തിളങ്ങിയത് തെന്നിന്ത്യൻ സിനിമയിലാണ്. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.
വിഷുദിനത്തിലെ ചിത്രങ്ങളാണ് നയൻതാര ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. തലയിൽ മുല്ലപ്പൂം ചൂടി സെറ്റ് സാരിയുടുത്തുളള ചിത്രങ്ങളാണ് താരം ഷെയർ ചെയ്തത്. എപ്പോഴും പോലെ ഇത്തവണയും സിംപിൾ മേക്കപ്പായിരുന്നു. കൊച്ചിയിലെ തന്റെ ഫ്ലാറ്റിലായിരുന്നു നയൻതാരയുടെ വിഷു ആഘോഷം.
അതേസമയം, പതിവിൽനിന്നും വിപരീതമായി തനിച്ചുളള ചിത്രങ്ങളാണ് നയൻതാര പോസ്റ്റ് ചെയ്തിരിക്കുന്നത്. വിശേഷ ദിവസങ്ങളിൽ സാധാരണ വിഘ്നേഷ് ശിവനൊപ്പമുളള ചിത്രങ്ങളാണ് നയൻതാര പോസ്റ്റ് ചെയ്യാറുളളത്. എന്നാൽ വിഘ്നേഷും നയൻസിനൊപ്പം കൊച്ചിയിലെത്തിയിട്ടുളളതായും ചില റിപ്പോർട്ടുകളുണ്ട്.
സിനിമാ ലോകം ഏറെ നാളായി കാത്തിരിക്കുകയാണ് വിഘ്നേഷും നയൻതാരയും തമ്മിലുളള വിവാഹത്തിനായി. നയന്‍താരയോ വിഘ്നേഷോ അവരുടെ ബന്ധത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പരസ്യമായി സംസാരിക്കാറില്ല. എന്നാല്‍ ഈയടുത്ത ദിവസം ഒരു തമിഴ് വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ വിഘ്നേഷ് ശിവന്‍ നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു.
Read More: കണ്ണിൽ കണ്ണിൽ നോക്കി നയൻതാരയും വിഘ്നേഷും; കാത്തിരുന്നത് ഇതിനെന്ന് ആരാധകർ
“ഏതാണ്ട് 22 തവണ ഞങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ വന്നിട്ടുണ്ട്. മൂന്ന് മാസം കൂടുമ്പോള്‍ ഈ വാര്‍ത്ത വന്നു കൊണ്ടിരിക്കും. ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണം എന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണം എന്ന് പദ്ധതിയുണ്ട്. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നു എന്ന് നോക്കാം. അപ്പൊ വിവാഹം കഴിക്കാം. ഇപ്പോള്‍ എല്ലാം ഭംഗിയായി പോകുന്നു. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം,” ബിഹൈന്‍ വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വിഘ്നേഷ് ശിവന്‍ പറഞ്ഞു.