നയൻതാരയെ പ്രശംസിക്കാൻ കിട്ടുന്ന ഒരവസരവും കാമുകൻ വിഘ്നേശ് ശിവൻ കളയാറില്ല. നയൻതാരയുടെ പിറന്നാളിനും സിനിമ റിലീസിനും ഒക്കെ വിഘ്നേശ് സോഷ്യൽ മീഡിയയിലൂടെ നയൻസിനോടുളള സ്‌നേഹം പ്രകടിപ്പിക്കാറുണ്ട്. വിജയ് ടിവിയുടെ രണ്ടു അവാർഡുകൾ നേടിയ നയൻസിനെ പ്രശംസ കൊണ്ട് മൂടുകയാണ് വിഘ്നേശ്.

‘അരം’ സിനിമയിലെ അഭിനയത്തിന് വിജയ് ടിവിയുടെ മികച്ച നടിക്കുളള അവാർഡ് നയൻതാരയാണ് സ്വന്തമാക്കിയത്. പ്രേക്ഷകർ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്ത ഇഷ്ടപ്പെട്ട നടിക്കുളള അവാർഡും നയൻസിനായിരുന്നു. ദുൽഖർ സൽമാനാണ് നയൻതാരയ്ക്ക് അവാർഡ് നൽകിയത്. നയൻതാരയ്ക്ക് ലഭിച്ച ഈ അവാർഡിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് വിഘ്നേശ് ആണ്. നയൻതാരയ്ക്ക് ഒപ്പമുളള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് വിഘ്നേശ് സന്തോഷം പ്രകടിപ്പിച്ചത്. ഒപ്പം തന്റെയൊരു ആഗ്രഹവും വിഘ്നേശ് വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാണോ ഞാൻ ഇങ്ങനെ അവാർഡുകൾ വാങ്ങി ഇവളുടെ (നയൻതാര) കൈയ്യിൽ കൊടുക്കാൻ പോകുന്നത്? ഇതായിരുന്നു വിഘ്നേശ് ട്വിറ്ററിൽ കുറിച്ചത്. നയൻതാരയിൽ താൻ അഭിമാനിക്കുന്നുവെന്നും അരം സിനിമയ്ക്ക് കിട്ടിയ ഈ അവാർഡ് അർഹിക്കുന്നതാണെന്നും വിഘ്നേശ് പ്രശംസിച്ചിട്ടുണ്ട്.

സ്റ്റേജിലെത്തി അവാർഡ് സ്വീകരിച്ചശേഷം നയൻതാര സംസാരിക്കുന്നതിന്റെ മറ്റൊരു ചിത്രത്തിന് രസകരമായ കുറിപ്പാണ് വിഘ്നേശ് നൽകിയിരിക്കുന്നത്. വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നയൻതാര നായികയായ ‘നാനും റൗഡി താൻ’ എന്ന സിനിമയിലെ ഗാനത്തിലെ ‘ബ്ലാക്ക് ആന്റ് വൈറ്റ് കണ്ണ് ഉന്നെ പാത്ത കളറാ മാറുതേ’ എന്ന വരികളാണ് വിഘ്നേശ് ഫോട്ടോയ്ക്കൊപ്പം കുറിച്ചത്.

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും വിഘ്നേശ് ശിവനും ഏറെ നാളായി പ്രണയത്തിലാണ്. നയൻതാര തന്റെ ഭാവിവധുവാണെന്ന് വിഘ്നേശ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. നയൻതാരയും പൊതുവേദിയിൽ വിഘ്നേശിനോടുളള തനിക്കുളള പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇരുവരുടെയും പ്രണയം പരസ്യമായതോടെ ഇനി വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ