ചെന്നൈ: നയന്‍താര-വിഘ്നേഷ് ശിവന് ദമ്പതികള്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ തമിഴ്നാട് ആരോഗ്യവകുപ്പ്. ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വാടക ഗര്‍ഭധാരണത്തിലൂടെയാണ് കുഞ്ഞിനെ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദമ്പതികള്‍ ഇന്ത്യയിലെ വാടക ഗര്‍ഭധാരണ നിയമങ്ങള്‍ മറികടന്നൊ എന്നാണ് അന്വേഷിക്കുക. നാല് മാസം മുന്‍പാണ് ഇരുവരുടേയും വിവാഹം നടന്നത്.
തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രമണ്യന്‍ അന്വേഷണമുണ്ടാകുമെന്ന കാര്യം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. “വാടക ഗര്‍ഭധാരണം സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 21-നും 36-നും ഇടയില്‍ പ്രായമുള്ളവരെയാണ് വാടക ഗര്‍ഭധാരണം വഴി കുഞ്ഞിനെ സ്വീകരിക്കാന്‍ നിയമം അനുവദിക്കുന്നത്,” മന്ത്രി പറഞ്ഞു. അന്വേഷണത്തിനായി ഡയക്ടറേറ്റ് ഓഫ് മെഡിക്കല്‍ സര്‍വീസിന് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് ഇരുവരും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വിവരം വിഘ്നേഷ് ശിവന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. “ഞാനും നയനും അമ്മയും അമ്മയുമായിരിക്കുന്നു. ഞങ്ങള്‍ക്ക് ഇരട്ടക്കുട്ടികളെ ലഭിച്ചിരിക്കുന്നു. ഞങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളുടേയും പൂര്‍വികരുടെ അനുഗ്രഹങ്ങളുടേയും ഫലം രണ്ട് കുഞ്ഞുങ്ങളുടെ രൂപത്തില്‍ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ ആശിര്‍വാദങ്ങള്‍ വേണം. ജീവിതം കുറച്ചുകൂടി വെളിച്ചമുള്ളതും ഭംഗിയുള്ളതുമാകുന്നു, ദൈവം വലിയവനാണ്,” വിഘ്നേഷ് കുറിച്ചു.
കഴിഞ്ഞ ജൂണില്‍ മഹാബലിപുരത്ത് വച്ചാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായത്. തിരുപ്പതിയിൽ വച്ച് വിവാഹിതരാവണമെന്നായിരുന്നു ആദ്യം പ്ലാൻ ചെയ്തതെങ്കിലും പ്രായോഗികമായ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് മഹാബലിപുരത്തെ ഷെറാടൺ ഗ്രാൻഡ് റിസോർട്ടിലേക്ക് വിവാഹവേദി മാറ്റിയത്. വളരെ അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമാണ് വിവാഹത്തിലേക്ക് ക്ഷണമുണ്ടായിരുന്നത്.
2015 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്, തീർത്തും പ്രൊഫഷണലായ ആ കണ്ടുമുട്ടലും പരിചയപ്പെടലും പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഏഴുവർഷമായി പരസ്പരം കൂട്ടായി, കരുത്തായി ഇരുവരും ഒന്നിച്ചുണ്ട്.