scorecardresearch
Latest News

വാടക ഗര്‍ഭധാരണം: നയന്‍താരയുടെയും വിഘ്നേഷിന്റെയും ഭാഗത്ത് വീഴ്ചയില്ലെന്ന് അന്വേഷണ റിപോര്‍ട്ട്

ഇരുവരും 2016 മാര്‍ച്ച് 11 ന് നിയമപരമായി വിവാഹിതരായതായും വാടക ഗര്‍ഭധാരണത്തിന്റെ എല്ലാ നടപടിക്രമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ചതായുമാണ് സമിതി കണ്ടെത്തിയത്.

Nayanthara, Vignesh sivan, Video

ചെന്നൈ:വാടക ഗര്‍ഭധാരണം സംബന്ധിച്ച കേസില്‍ നയന്‍താരയുടെയും വിഘ്നേഷിന്റെയും ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപോര്‍ട്ട്. സംഭവത്തില്‍ രണ്ട് പീഡിയാട്രിക് ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സമിതിയാണ് തമിഴ്‌നാട് ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വാടക ഗര്‍ഭധാരണത്തിനു കാത്തിരിക്കേണ്ട കാലയളവ് പിന്നിട്ടെന്നാണ് സിമിതിയുടെ കണ്ടെത്തല്‍. അതേസമയം, നയന്‍താരയ്ക്കായി വാടക ഗര്‍ഭധാരണം നടത്തിയ ആശുപത്രിക്ക് നോട്ടീസ് നല്‍കി. ചികില്‍സാ രേഖകള്‍ സൂക്ഷിക്കാത്തതിന് കാരണം കാണിച്ചില്ലെങ്കില്‍ അടച്ചുപൂട്ടും. ആശുപത്രി ഐഎംആര്‍ ചട്ടങ്ങള്‍ ലംഘിച്ചെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ഇരുവരും 2016 മാര്‍ച്ച് 11 ന് നിയമപരമായി വിവാഹിതരായതായും വാടക ഗര്‍ഭധാരണത്തിന്റെ എല്ലാ നടപടിക്രമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ചതായുമാണ് സമിതി കണ്ടെത്തിയത്. അന്വേഷണ കമ്മീഷനുവേണ്ട ആവശ്യമായ എല്ലാ രേഖകളും ദമ്പതികള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഐസിഎംആര്‍ നിയമങ്ങള്‍ക്കനുസൃതമായി എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ചിട്ടുണ്ടെന്നും അന്വേഷണ സമിതി റിപ്പോര്‍ട്ട് പറയുന്നു. വാടക മാതാവ് വിവാഹിതയായ ഒരു കുട്ടിയുള്ള സ്ത്രീയാണ്, ഇത് വാടക ഗര്‍ഭധാരണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരമാണ്.

ദമ്പതികളെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത കുടുംബ ഡോക്ടറെ സമീപിക്കാന്‍ അന്വേഷണ സംഘം ശ്രമിച്ചു. ഡോക്ടര്‍ വിദേശത്തേക്ക് സ്ഥലം മാറിയതിനാല്‍ കുടുംബ ഡോക്ടറെ കാണാന്‍ കഴിഞ്ഞില്ല.ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, ദമ്പതികള്‍ക്ക് നല്‍കിയ ചികിത്സയുടെയും വാടക അമ്മയുടെ ആരോഗ്യനിലയുടെയും കൃത്യമായ രേഖകള്‍ ആശുപത്രിയില്‍ സൂക്ഷിക്കണമെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍ ഇത് സംബന്ധിച്ച രേഖകള്‍ ആശുപത്രിയില്‍ കൃത്യമായി സൂക്ഷിച്ചിരുന്നില്ല. അതിനാല്‍ സ്വകാര്യ ആശുപത്രി മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തതിന്റെ കാരണം ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ചിട്ടുണ്ട്.

ഒക്ടോബര്‍ 9 നാണ് നയന്‍താരയും വിഗ്‌നേഷും ഇരട്ടക്കുട്ടികള്‍ മാതാപിതാക്കളായെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി പങ്കിട്ടത്. എന്നാല്‍ പിന്നീട് വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഇരുവരും ഇരട്ടക്കുട്ടികളെ സ്വീകരിച്ചതെന്ന് റിപോര്‍ട്ടുകള്‍ പുറത്ത് വന്നു. സംഭവത്തില്‍ നിയമലംഘനം പരിശോധിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nayanthara vignesh surrogacy case tn report