തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താര ദമ്പതികളാണ് വിഘ്നേഷ് ശിവനും നയൻതാരയും. സോഷ്യൽ മീഡിയയിലൂടെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട് വിഘ്നേഷ്. ഇരുവരും മക്കളുമായ എയർപോർട്ടിലെത്തുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
കുട്ടികളെ നെഞ്ചോടു ചേർത്ത് കാറിൽ നിന്നിറങ്ങുകയാണ് താരങ്ങൾ. മാധ്യമങ്ങളെ നോക്കി കൈവീശുന്നുണ്ട് നയൻതാര. കുട്ടികളുടെ മുഖം ഇരുവരും മറച്ചുപിടിച്ചിരിക്കുകയാണ്.
പൊങ്കൽ, ദീപാവലി, ക്രിസ്മസ് എന്നീ വിശേഷ ദിവസങ്ങളിൽ കുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങൾ വിഘ്നേഷ് പങ്കുവച്ചിരുന്നു. എന്നാൽ അന്നും കുട്ടികളുടെ മുഖം ഇമോജികൾ ഉപയോഗിച്ച് മറച്ചു വയ്ക്കുകയാണ് ചെയ്തത്.
ഒക്‌ടോബർ 9നാണ് നയൻതാരയും വിഘ്‌നേഷും തങ്ങളുടെ ഇരട്ടകുട്ടികളായ ഉയിരിനെയും ഉലകത്തെയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്.
“നയനും ഞാനും അമ്മയും അപ്പയും ആയി. ഇരട്ടക്കുട്ടികളാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥനകളും, പൂർവ്വികരുടെ അനുഗ്രഹങ്ങളും, നന്മകളും ചേർന്ന്, അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടെയും അനുഗ്രഹം വേണം. ജീവിതം കൂടുതൽ ശോഭയുള്ളതും മനോഹരവുമാണ്,” വിഘ്നേഷ് കുറിച്ചതിങ്ങനെയായിരുന്നു.
ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം ജൂണ്‍ 9 നാണ് വിഘ്‌നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കുടുംബജീവിതത്തിൽ കൂടൂതൽ അദ്ധ്യായങ്ങൾ തുറക്കുമ്പോഴും തൻെറ കരിയറിലും മികച്ച മുന്നേറ്റങ്ങൾക്കായി ഒരുങ്ങുകയാണ് നയൻതാര. അൽഫോൺസ് പുത്രൻെറ സംവിധാനത്തിൽ മലയാള ചിത്രം ‘ഗോൾഡ്’, അശ്വിൻ ശരവണൻെറ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കണക്റ്റ്’ എന്നിവയാണ് ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ നയൻതാര ചിത്രങ്ങൾ.