പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് പ്രഖ്യാപിച്ച ജനതാ കർഫ്യൂവിന് മികച്ച പിന്തുണയാണ് ജനങ്ങൾ നൽകിയത്. കർഫ്യൂവിന് പിന്തുണയുമായി സിനിമാതാരങ്ങളും രംഗത്തു വന്നിരുന്നു. കർഫ്യൂദിനത്തിൽ വീട്ടുകാർക്കൊപ്പം വീട്ടിൽ തന്നെ ഇരിക്കാനാണ് മിക്കവാറും എല്ലാ താരങ്ങളും സമയം കണ്ടെത്തിയത്.

നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കയ്യടികളോടെയാണ് തങ്ങളുടെ പിന്തുണ ഇരുവരും രേഖപ്പെടുത്തിയത്. ഡോക്ടർമാർ, പൊലീസ് സേന, ആരോഗ്യമേഖലയിലെ വളണ്ടിയർമാർ എന്നുതുടങ്ങി ഒറ്റക്കെട്ടായി നിന്ന് കൊറോണ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമാകുന്ന എല്ലാവരെയും അഭിനന്ദിക്കുകയാണ് ഇരുവരും. നിങ്ങളാണ് യഥാർത്ഥ ഹീറോ എന്നാണ് വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നത്. ഉടനെ തന്നെ കോറോണയെ അശക്തമാക്കാൻ കഴിയുമെന്നും പഴയ ജീവിതത്തിലേക്ക് നമ്മളെല്ലാം തിരികെയെത്തുമെന്ന പ്രതീക്ഷയും വിഘ്നേഷ് ശിവൻ പങ്കുവയ്ക്കുന്നു.

ഞായറാഴ്ച വൈകീട്ട് 5 മണിക്ക് കൈകൾ കൊട്ടിയും മണി കിലുക്കിയും പാത്രങ്ങൾ തമ്മിൽ കൊട്ടിയുമാണ് സിനിമാ താരങ്ങൾ ആരോഗ്യപ്രവർത്തകർക്കുളള നന്ദി പ്രകടിപ്പിച്ചത്. ബോളിവുഡ് താരങ്ങളായ പലരും ഈ ഉദ്യമത്തിൽ പങ്കാളികളായി. ബച്ചൻ കുടുംബം, ദീപിക പദുക്കോൺ, ജാൻവി കപൂർ, സോനം കപൂർ, സുസ്മിത സെൻ തുടങ്ങി നിരവധി താരങ്ങളും ആരോഗ്യപ്രവർത്തകർക്ക് നന്ദി അറിയിച്ചു.

കോവിഡിനെ നേരിടാൻ അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യപ്രവർത്തകർ അടക്കമുളളവരെ അഭിനന്ദിക്കാനാണ് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് എല്ലാവർക്കും ചേർന്ന് കയ്യടിക്കാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്. അഞ്ചു മിനിറ്റു നേരം കൈയ്യടിച്ചോ പാത്രങ്ങള്‍ കൂട്ടിമുട്ടി ശബ്ദമുണ്ടാക്കിയോ നന്ദിപ്രകടിപ്പിക്കണമെന്നായിരുന്നു മോദി ആവശ്യപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook