ഒറ്റനോട്ടത്തിൽ ഒരു റൊമാന്റിക് പ്രണയഗാനത്തിലെ വിഷ്വലുകളെ ഓർമിപ്പിക്കുന്ന ചിത്രങ്ങൾ, പ്രണയപൂർവ്വം കൈകോർത്ത് നയൻതാരയും വിഘ്നേഷും. എന്നാൽ ഈ ചിത്രങ്ങൾ സിനിമയിൽ നിന്നുള്ളതല്ല, നയൻതാരയുടെയും വിഘ്നേഷിന്റെയും സ്പെയിൻ വെക്കേഷനിൽ നിന്നുള്ളതാണ് ഈ മനോഹരമായ ദൃശ്യങ്ങൾ.
സൂപ്പർ ടാലന്റഡ് സ്പാനിഷ് ഫൊട്ടോഗ്രാഫറായ കെൽമി ബിൽബോ പകർത്തിയ ചിത്രങ്ങളാണിതെന്ന പരിചയപ്പെടുത്തലോടെയാണ് വിക്കി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്.
കഴിഞ്ഞയാഴ്ചയാണ് സിനിമാതിരക്കുകൾക്ക് അവധി നൽകി വിഘ്നേഷും നയൻതാരയും സ്പെയിനിലേക്ക് പകർന്നത്. സ്പെയിൻ വെക്കേഷനിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളും വീഡിയോകളും മുടങ്ങാതെ ആരാധകർക്കായി ഷെയർ ചെയ്യുകയാണ് വിഘ്നേഷ്.
ആളുകളാൽ തിരിച്ചറിയപ്പെടാതെ, സ്പെയ്നിലെ ബാഴ്സലോണയിൽ അവധിക്കാലം ആഘോഷമാക്കുന്ന നയൻതാരയുടെ മനോഹരമായ വീഡിയോകളും വിഘ്നേഷ് കഴിഞ്ഞ ദിവസങ്ങളിൽ ഷെയർ ചെയ്തിരുന്നു.
അതേസമയം, നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ’ എന്ന ഡോക്യുമെന്ററി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക.
ജൂൺ ഒമ്പതിന് മഹാബലിപുരത്ത് വച്ചായിരുന്നു തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. ഷാരൂഖ് ഖാൻ, രജനികാന്ത്, മണിരത്നം എന്നിവരെ കൂടാതെ ശരത് കുമാർ, വിജയ് സേതുപതി, രാധിക ശരത് കുമാർ, അജിത്, സൂര്യ, വിജയ്, കാർത്തി, വിജയ് സേതുപതി, ആര്യ, ദിലീപ്, ബോണി കപൂർ, സംവിധായകൻ ആറ്റ്‌ലി എന്നിവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.