തെന്നിന്ത്യന്‍ താരം നയന്‍താരയും തമിഴ് സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹമാണ് സിനിമാ ലോകം കാത്തിരിക്കുന്ന വലിയ ‘ഗുഡ് ന്യൂസ്.’ ഏറെക്കാലമായി അടുപ്പത്തിലായ ഇവരുടെ വിവാഹത്തെ സംബന്ധിച്ച വിവരങ്ങള്‍ ഇടയ്ക്കിടെ മാധ്യമങ്ങളിലും ചര്‍ച്ചയാവാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും വിഘ്നേഷ് എന്ന വിക്കി സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്. നയൻതാരയ്ക്ക് ഒപ്പം ഈസ്റ്റർ ആഘോഷിച്ച വിശേഷമാണ് വിഘ്നേഷ് പങ്കുവച്ചിരിക്കുന്നത്. വളരെ സന്തോഷം നിറഞ്ഞ ദിവസമായിരുന്നുവെന്നും വിഘ്നേഷ് പറയുന്നു.
അടുത്തിടെ പി.എസ്.വിനോദ് രാജ് സംവിധാനം ചെയ്ത ‘കൂഴങ്കൽ’ സിനിമയുടെ പകർപ്പവകാശം വിഘ്നേഷ് ശിവന്റെ പ്രൊഡക്ഷൻ കമ്പനി റൗഡി പിക്ചേഴ്സ് വാങ്ങിയിരുന്നു. ഈ സിനിമ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് റോട്ടർഡാമിലേക്ക് (ഐഎഫ്എഫ്ആർ) തിരഞ്ഞെടുക്കപ്പെട്ടു. ഫെസ്റ്റിവൽ മത്സര വിഭാഗത്തിലേക്കും സിനിമ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചലച്ചിത്രമേളയിൽ ടൈഗർ പുരസ്കാരം സ്വന്തമാക്കിയത് കൂഴങ്കുൽ ആയിരുന്നു.
റൗഡി പിക്ചേഴ്സിന്റെ മൂന്നാമത്തെ പ്രൊജക്ടാണ് ‘കൂഴങ്കൾ’. നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലർ സിനിമ ‘നെട്രികൺ’, വസന്ത് രവി നായകനാവുന്ന ‘റോക്കി’ എന്നിവയാണ് റൗഡി പിക്ചേഴ്സ് നിർമ്മിക്കുന്ന മറ്റു സിനിമകൾ. നയൻതാരയുടെ 65-ാമത്തെ സിനിമയാണ് നെട്രികൺ. മലയാളി താരമായ അജ്മല്‍ അമീർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രജനീകാന്ത് നായകനായി 1981ല്‍ പുറത്തിറങ്ങിയ ‘നെട്രികണ്‍’ (മൂന്നാം കണ്ണ്) എന്ന സിനിമയുടെ പേരാണ് നയൻതാരയുടെ പുതിയ സിനിമയ്ക്കും നൽകിയിരിക്കുന്നത്.