മലയാള സിനിമയ്ക്ക് നിരവധി നായികമാരെ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. 2003ലെ ക്രിസ്മസിന് സത്യന്‍ അന്തിക്കാട് മലയാളത്തിന് തന്ന സമ്മാനമായിരുന്നു ഡയാന മറിയം കുര്യന്‍ എന്ന നയന്‍താര. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഈ ക്രിസ്മസിന് നയന്‍താര എന്ന നടിക്ക് 14 വയസു തികയുന്നു. ഈയവസരത്തില്‍ ആശംസ നേര്‍ന്ന് സംവിധായകനും നയന്‍താരയുടെ അടുത്ത സുഹൃത്തുമായ വിഘ്നേശ് ശിവന്‍ നയന്‍സിന് ആശംസയുമായി എത്തി.

‘നയനിസത്തിന്‍റെ പതിനാല് വര്‍ഷങ്ങള്‍…, നിനക്ക് കൂടുതല്‍ കരുത്തും വിജയങ്ങളും നേരുന്നു… നയന്‍താര…. അത് തുടര്‍ന്നുകൊണ്ടേയിരിക്കുക. ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ട് മനോഹരമായ ഒരു ദിനം… അതിമനോഹരമായ ക്രിസ്മസ് ദിനമായിരുന്നു ഇത്. ഒരുപാട് ശുഭപ്രതീക്ഷകള്‍… ഒരുപാട് സ്നേഹം..’ എന്നായിരുന്നു വിഘ്‌നേശ് കുറിച്ചത്.

നയന്‍താരയും വിഘ്‌നേശ് ശിവനും പ്രണയത്തിലാണെന്നതാണ് കോളിവുഡില്‍ പാട്ടായ വാര്‍ത്ത. ഇരുവരും തുറന്നു സമ്മതിച്ചിട്ടില്ലെങ്കിലും ഇടയ്ക്കിടെ പുറത്തുവരുന്ന ചിത്രങ്ങള്‍ ഇതിന് സാക്ഷ്യം പറയുന്നു. വിഘ്‌നേശ് സംവിധാനം ചെയ്ത് വിജയ് സേതുപതി-നയന്‍താര ജോഡികള്‍ ഒന്നിച്ച ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരെയും ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്.

വിഘ്‌നേശിന്‍റെ 33-ാം ജന്മദിനം ആഘോഷിക്കാന്‍ ഇരുവരും അമേരിക്കയില്‍ പോയതും ഈ വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയിരുന്നു. കഴിഞ്ഞ പിറന്നാളും വിഘ്‌നേശ് നയന്‍താരയ്‌ക്കൊപ്പമാണ് ആഘോഷിച്ചത്. കൂടാതെ ഇരുവരും വിദേശത്തു വച്ച് രഹസ്യ വിവാഹത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകളും സജീവമായിരുന്നു.

കഴിഞ്ഞ വര്‍ഷം തിരുവോണനാളില്‍ ആരാധകര്‍ക്ക് ഓണാശംസകള്‍ അറിയിച്ചു കൊണ്ട് വിഘ്‌നേശ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രവും വൈറലായിരുന്നു. ഓണാഘോഷത്തിന് വേണ്ടി നയന്‍താര കൊച്ചിയിലെ വസതിയിലെത്തിയിരുന്നു. നയന്‍സിന്‍റെ കൂടെ വിഘ്‌നേശും എത്തിയിരുന്നു. ദക്ഷിണേന്ത്യന്‍ ചലച്ചിത്ര അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ ഇരുവരും സിംഗപ്പൂരിലേക്ക് ഒരുമിച്ചുപോയതും വാര്‍ത്തയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook