‘നാനും റൗഡി താൻ’ എന്ന ചിത്രം വിഘ്നേഷ് ശിവന്റെ ജീവിതത്തിലെ ഒരു നിർണായകമായ ചിത്രമായിരുന്നു. കരിയറിൽ ഏറെ ബ്രേക്ക് നൽകിയ ചിത്രം, വിഘ്നേഷിന്റെയും നയൻതാരയുടെയും പ്രണയത്തിന്റെ തുടക്കവും ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നായിരുന്നു.

ചിത്രത്തിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് വിഘ്നേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “നന്ദി തങ്കമേ… നിന്നെ കണ്ടുമുട്ടിയതിനു ശേഷം ജീവിതം മധുരനിമിഷങ്ങളാൽ അനുഗ്രഹിക്കപ്പെട്ടതായി മാറി. ഈ ദിവസത്തിനു നന്ദി, ഈ സിനിമ ചെയ്യാം എന്ന് സമ്മതിച്ചതിനു നൽകി. അതാണ് എനിക്ക് ഒരു നല്ല ജീവിതത്തിനുള്ള അവസരം തന്നത്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. അകത്തും പുറത്തും എപ്പോഴും അഴകുള്ള വ്യക്തിയായി തന്നെ നിലനിൽക്കാൻ ആവട്ടെ,” വിഘ്നേഷ് കുറിച്ചു. #lifesaver എന്ന ഹാഷ് ടാഗോടെയാണ് വിഘ്നേഷ് നയൻതാരയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

വിജയ് സേതുപതിയും നയൻതാരയുമായിരുന്നു വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരവും ബോക്സ് ഓഫീസ് വിജയവും വിഘ്നേഷിനെ തേടിയെത്തി. വിഘ്നേഷിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ‘നാനും റൗഡി താൻ’.

വിജയ് സേതുപതിയ്ക്കും നന്ദി പറയാൻ വിഘ്നേഷ് മറന്നിട്ടില്ല. ഒക്ടോബർ 21 എന്ന ദിവസത്തെ സ്പെഷൽ ആക്കിയതിന് നന്ദി എന്ന വരികളോടെ വിജയ് സേതുപതിയ്ക്ക് ഒപ്പമുള്ള ഒരു സ്നേഹനിമിഷമാണ് വിഘ്നേഷ് പങ്കുവച്ചിരിക്കുന്നത്.

നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും വിവാഹം 2020 ൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇരുവരുടെയും വിവാഹത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരും.

Read more: നയൻതാരയ്ക്കൊപ്പം വിഘ്നേഷിന്റെ ഡിന്നർ ഡേറ്റ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook