ദീപാവലി സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കി നയൻതാരയും കാമുകൻ വിഘ്നേശ് ശിവനും. തമിഴ് സിനിമയിൽ വലിയൊരു സൗഹൃദത്തിന് ഉടമകളാണ് നയൻസും വിഘ്നേശും. ഇത്തവണത്തെ ദീപാവലി ദിനം സൗഹൃദ കൂട്ടായ്മയായി മാറ്റിയിരിക്കുകയാണ് ഇരുവരും.
നയൻതാരയ്ക്കും വിഘ്നേശിനും പുറമെ ആറ്റ്ലി, ഭാര്യ പ്രിയ ആറ്റ്ലി, ശിവകാർത്തികേയൻ, അനിരുദ്ധ്, ദിവ്യ ദർശിനി എന്നിവരും ആഘോഷങ്ങളിൽ പങ്കാളികളായി. ആഘോഷങ്ങളിൽ പൊതുവേ സാരിയിൽ എത്താറുളള നയൻതാര ഇത്തവണയും പതിവുതെറ്റിച്ചില്ല. മഞ്ഞ സാരിയിൽ നയൻതാര അതിസുന്ദരിയായി.
ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും വിഘ്നേശ് ശിവനും ഏറെ നാളായി പ്രണയത്തിലാണ്. നയൻതാര തന്റെ ഭാവിവധുവാണെന്ന് വിഘ്നേശ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. നയൻതാരയും പൊതുവേദിയിൽ വിഘ്നേശിനോടുളള തനിക്കുളള പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇരുവരുടെയും പ്രണയം പരസ്യമായതോടെ ഇനി വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.