വിഘ്നേഷ് ശിവന്റെ ജീവിതത്തിലെ ഒരു നിർണായകമായ ചിത്രമായിരുന്നു ‘നാനും റൗഡി താൻ’. കരിയറിൽ ഏറെ ബ്രേക്ക് നൽകിയ ചിത്രം. വിജയ് സേതുപതിയും നയൻതാരയുമായിരുന്നു വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരവും ബോക്സ് ഓഫീസ് വിജയവും വിഘ്നേഷിനെ തേടിയെത്തി.
വിഘ്നേഷിന്റെയും നയൻതാരയുടെയും പ്രണയത്തിന്റെ തുടക്കവും ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽനിന്നുള്ളൊരു പഴയ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ് വിഘ്നേഷ്. ഒരു കാലത്ത് പോണ്ടിച്ചേരിയിൽ എന്ന ക്യാപ്ഷനാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്. ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ എന്ന ഹാഷ്ടാഗും വിഘ്നേഷ് വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്.
പ്രഭുദേവയുമായുളള പ്രണയം തകർന്നതോടെയാണ് നയൻതാര സംവിധായകൻ വിഘ്നേഷുമായി അടുക്കുന്നത്. പ്രണയത്തിലാണെങ്കിലും വിക്കിയും നയൻസും ഇക്കാര്യം തുറന്നുസമ്മതിച്ചിട്ടില്ല. പക്ഷേ ഒരുമിച്ച് ചെലവിടാൻ കിട്ടുന്ന നിമിഷങ്ങളൊന്നും ഇരുവരും പാഴാക്കാറില്ല. തങ്ങളുടെ നല്ല നിമിഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയ വഴി ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. ലോക്ക്ഡൗൺ സമയത്തും ഇരുവരും ഒന്നിച്ചാണ്.
Read Also: ‘വേർപിരിയൽ എളുപ്പമായിരുന്നില്ല’; പ്രണയം തകർന്നതിനെ കുറിച്ച് നയൻതാര മനസ് തുറക്കുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് പ്രഖ്യാപിച്ച ജനതാ കർഫ്യൂവിന് മികച്ച പിന്തുണയുമായി ഇരുവരും രംഗത്തുവന്നിരുന്നു. കയ്യടികളോടെയാണ് തങ്ങളുടെ പിന്തുണ ഇരുവരും രേഖപ്പെടുത്തിയത്. നയൻതാരയും വിഘ്നേഷും ചേർന്ന് കയ്യടിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വിഘ്‌നേഷുമായുളള നയന്‍താരയുടെ വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. തമിഴകത്തെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ വിവാഹത്തിനായി ആരാധകരും കാത്തിരിക്കുന്നുണ്ട്.