കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പും സ്വതസിദ്ധമായ അഭിനയശൈലിയുമാണ് നയൻതാരയെ തമിഴകത്ത് പ്രിയങ്കരിയാക്കുന്നത്. പൊതുപരിപാടികളിലും അവാർഡ് നിശകളിലും നയൻതാര അധികം പങ്കെടുക്കാറില്ല. എന്നാൽ അടുത്തിടെ നടന്ന വികടൻ അവാർഡ്ദാന ചടങ്ങിൽ നയൻതാര പങ്കെടുത്തു. അറം സിനിമയിലെ അഭിനയത്തിന് മികച്ച നടിയായി തിരഞ്ഞെടുത്തത് നയൻതാരയെ ആയിരുന്നു. മെർസൽ സിനിമയിലെ അഭിനയത്തിന് മികച്ച നടനുളള പുരസ്കാരം വാങ്ങാൻ ദളപതി വിജയ്‌യും എത്തിയിരുന്നു.

മക്കൾ സെൽവൻ വിജയ് സേതുപതിയാണ് നയൻതാരയ്ക്ക് അവാർഡ് നൽകിയത്. അവാർഡ് വാങ്ങിയശേഷം നയൻതാരയോട് വേദിയിൽവച്ച് ഇഷ്ട നടൻ ആരെന്നു ചോദിച്ചു. ഒട്ടും ആലോചിക്കാതെ നയൻതാരയുടെ ഉത്തരം എത്തി, തല അജിത്. ഇതു കേട്ട ഉടൻ കാണികളിൽനിന്നും വൻ കരഘോഷം ഉയർന്നു. നയൻതാരയുടെ മറുപടി കേട്ട് നടൻ വിജയ്‌യും കൈയ്യടിച്ചു. വിജയ്‌യെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തെപ്പോലെ വളരെ നിശബ്ദനായ ഒരു വ്യക്തിയെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു നയൻസിന്റെ മറുപടി.

ബില്ല, ഏകൻ, ആരംഭം തുടങ്ങിയ സിനിമകളിൽ നയൻതാര അജിത്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. വിജയ്‌ക്ക് ഒപ്പം വില്ല് എന്ന സിനിമയിലും നയൻതാര അഭിനയിച്ചിട്ടുണ്ട്. വിജയ്‌യുടെ ശിവകാസി സിനിമയിൽ ഒരു ഗാനരംഗത്തിലും നയൻസ് അഭിനയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook