നയന്‍താരയെ നായികയാക്കി ഗോപി നൈനാര്‍ സംവിധാനം ചെയ്ത ‘അറം’ കഴിഞ്ഞയാഴ്ചത്തെ തമിഴ് സിനിമകളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. പതിവായി കാണാറുള്ള ഗ്ലാമര്‍ വേഷങ്ങള്‍ളില്‍ നിന്നും വ്യത്യസ്ഥയായി മതിവദനി എന്ന കര്‍മ്മനിരതയായ ജില്ലാ കളക്ടറായി നയന്‍താര ഈ ചിത്രത്തില്‍ എത്തുന്നു. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരു പോലെ പിടിച്ചു പറ്റി ചിത്രം തിയേറ്ററുകള്‍ നിറഞ്ഞോടുകയാണ്.

 

ഈയവസരത്തിലാണ് ‘അറം’ മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ട ‘മാളൂട്ടി’ എന്ന ചിത്രത്തിന്‍റെ കോപ്പിയാണോ എന്ന ചര്‍ച്ചകള്‍ നടക്കുന്നത്. 1990 ല്‍ ജോണ്‍ പോള്‍ രചിച്ച് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മാളൂട്ടി’. ജയറാം, ഉര്‍വശി, കെ പി എ സി ലളിത, ബേബി ശ്യാമിലി എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ വന്ന ഈ ചിത്രം ‘മാളൂട്ടി’ എന്ന പെണ്‍കുഞ്ഞിന്‍റെ കഥയാണ് പറഞ്ഞത്. അച്ഛനുമമ്മയ്ക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ ഒരു റിസോര്‍ട്ടില്‍ എത്തുന്ന മാളൂട്ടി കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ആഴമുള്ള ഒരു കുഴിയില്‍ വീഴുന്നു. പിന്നീടുള്ള രക്ഷാപ്രവര്‍ത്തനങ്ങളും കുഞ്ഞിനെ പുറത്തെടുക്കലുമാണ് ‘മാളൂട്ടി’ പറയുന്നത്.

 

‘അറം’ എന്ന ചിത്രവും സമാനമായ ഒരു സംഭവം തന്നെയാണ് പ്രമേയമാക്കുന്നത്. തമിഴ് നാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ഒരു പെണ്‍കുട്ടി ബോര്‍വെല്ലിനായി കുഴിച്ച കുഴിയിലേക്ക് വീഴുന്നു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നത് ജില്ലാ കളക്ടര്‍. അവരുടെ സമയോചിതമായ ബുദ്ധിയും ഇടപെടലും പ്രതിഷേധവും കാരണം കുട്ടിയുടെ ജീവന് ആപത്തൊന്നും സംഭവിക്കാതെ കുട്ടിയെ പുറത്തേക്ക് എടുക്കുന്നു.

രണ്ടു ചിത്രങ്ങളിലും കുഞ്ഞു നേരിടുന്ന വിപത്ത് ഒന്നാണ് എന്നയിടത്തു തീരുന്നു സമാനതകള്‍. ‘മാളൂട്ടി’ ഒരു ‘personal and emotional premise’ സില്‍ നിന്ന് കൊണ്ട് പറയപ്പെടുന്ന ഒരു കഥയാണെങ്കില്‍ ‘അറം’ ഒരു ‘social and political premise’ സില്‍ നിന്ന് കൊണ്ടാണ് വിഷയത്തെ സമീപിക്കുന്നത്. രണ്ടു സിനിമകളുടെയും ഭാവുകത്വങ്ങളും രണ്ടു ധ്രുവങ്ങളില്‍ എന്ന പോലെ വേറിട്ട്‌ നില്‍ക്കുന്നവുമാണ്. ‘മാളൂട്ടി’ യില്‍ ആ കുഞ്ഞു തന്നെയാണ് പ്രധാന കഥാപാത്രം. എന്നാല്‍ ‘അറ’ ത്തില്‍ അത് ജില്ലാ കളക്ടറാണ്.

Nayanthara in Tamil Film 'Aram'

നയന്‍താരയുടെ കരിയറിന് പുതിയ മാനങ്ങള്‍ നല്‍കുന്ന സിനിമയാണ് ‘അറം’. പുരുഷ കേന്ദ്രീകൃതമായ തമിഴ് ബോക്സ്‌ ഓഫീസില്‍ പോലും സ്ത്രീ കേന്ദ്രീകൃതമായ നയന്‍താരയുടെ ചിത്രങ്ങള്‍ വിജയം കൊയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കഥയില്‍ നയന്‍താര വേഷമിടുന്നത് ഇതാദ്യമായാണ്. രാഷ്ട്രീയത്തിലേക്കുള്ള അവരുടെ ആദ്യ ചുവടു വയ്പാണ് ഈ ചിത്രം എന്ന് വരെ പറയുന്നവരുണ്ട്. ചിത്രം കാണാന്‍ ചെന്നൈയിലെ തിയേറ്ററുകളില്‍ എത്തിയ നയന്‍താരയെ ആരാധകര്‍ സ്വീകരിച്ചത് ‘എങ്കള്‍ തലൈവി നയന്‍താര’ എന്ന മുദ്രാവാക്യവുമായാണ്.

കൂടുതല്‍ വായിക്കാം : തമിഴകത്തിന്‍റെ താര റാണി, തൈലവി നയന്‍ താര

റിലീസിന് തൊട്ടു പിന്നാലെ ‘അറം’ ഇന്റര്‍നെറ്റിലുമെത്തി. അതിനോടോപ്പമാണ് ചിത്രം ‘മാളൂട്ടി’യില്‍ നിന്നും കോപ്പിയടിച്ചതാണ് എന്ന വിവാദം. ഇതിനോട് സംവിധായകനോ നിര്‍മ്മാതാവോ പ്രതികരിച്ചിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ