ആളുകളാൽ തിരിച്ചറിയപ്പെടാതെ, സ്പെയ്നിലെ ബാഴ്സലോണയിൽ അവധിക്കാലം ആഘോഷമാക്കുകയാണ് നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും. തെരുവു സംഗീതം ആസ്വദിച്ചും ട്രെയിനിൽ സഞ്ചരിച്ചും സ്പെയിനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ചുമൊക്കെ സ്പെയ്ൻ വേക്കേഷൻ ആഘോഷിക്കുകയാണ് നയൻതാര.
വിഘ്നേഷ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത നയൻതാരയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നയൻതാരയും വിഘ്നേഷ് ശിവനും സ്പെയിനിലേക്ക് പറന്നത്. “തുടർച്ചയായ ജോലികൾക്കുശേഷം ഞങ്ങൾ ഞങ്ങൾക്കായി കുറച്ചുസമയമെടുക്കുന്നു. ബാഴ്സലോണ, ഇതാ ഞങ്ങൾ വരുന്നു,” എന്നാണ് യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രങ്ങൾ ഷെയർ ചെയ്തു കൊണ്ട് വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ബാഴ്സലോണയിൽ നിന്നുള്ള ധാരാളം ചിത്രങ്ങളും വിഘ്നേഷ് ഷെയർ ചെയ്തിട്ടുണ്ട്.
അതേസമയം, നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ’ എന്ന ഡോക്യുമെന്ററി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക.
ജൂൺ ഒമ്പതിന് മഹാബലിപുരത്ത് വച്ചായിരുന്നു തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. ഷാരൂഖ് ഖാൻ, രജനികാന്ത്, മണിരത്നം എന്നിവരെ കൂടാതെ ശരത് കുമാർ, വിജയ് സേതുപതി, രാധിക ശരത് കുമാർ, അജിത്, സൂര്യ, വിജയ്, കാർത്തി, വിജയ് സേതുപതി, ആര്യ, ദിലീപ്, ബോണി കപൂർ, സംവിധായകൻ ആറ്റ്‌ലി എന്നിവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.