വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായി എന്നു പ്രഖ്യാപിച്ചതിനു പിന്നാലെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് നടി നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും. വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളിൽ വാടക ഗർഭധാരണത്തിലൂടെ അമ്മയായ നയൻതാരയും വിഘ്നേഷും വാടക ഗർഭധാരണ നിയമം ലംഘിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ തമിഴ്‌നാട് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
വാടകഗർഭധാരണത്തിന്റെ കാര്യത്തിൽ നിയമലംഘനം നടത്തിയിട്ടില്ലെന്നും ആറു വർഷം മുൻപ് വിവാഹം റജിസ്റ്റർ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിന് നടപടികൾ തുടങ്ങിയതെന്നും ഇരുവരും തമിഴ്നാട് ആരോഗ്യ വകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു. സത്യവാങ്മൂലത്തിനൊപ്പം വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും നയൻതാരയും വിഘ്നേഷ് ശിവനും ഹാജരാക്കി. വാടക ഗർഭധാരണം നടന്നത് നയൻതാരയുടെ ദുബായിലെ ബന്ധു വഴിയാണെന്നും ദമ്പതികൾ വ്യക്തമാക്കിയിട്ടുണ്ട്.
അസിസ്റ്റഡ് റീപ്രൊഡക്‌റ്റീവ് ടെക്‌നോളജി (റെഗുലേഷൻ) ആക്‌ട്, 2021-ൽ പ്രാബല്യത്തിൽ വന്ന സറോഗസി (റെഗുലേഷൻ) ആക്‌ട് എന്നിവ പ്രകാരം, ദമ്പതികൾ വിവാഹിതരായി അഞ്ച് വർഷം കഴിഞ്ഞാൽ മാത്രമേ വാടക ഗർഭധാരണത്തിന് അർഹതയുള്ളൂ. സ്ത്രീക്ക് 25 നും 50 നും ഇടയിലും ഭർത്താവിന് 26 നും 55 നും ഇടയിൽ പ്രായമുണ്ടായിരിക്കണം. അവർക്ക് ജീവശാസ്ത്രപരമോ ദത്തെടുക്കപ്പെട്ടതോ ആയ ഒരു കുട്ടിയും ഉണ്ടാകരുത്. നിയമമനുസരിച്ച്, വാടക അമ്മ ദമ്പതികളുടെ അടുത്ത ബന്ധുവായിരിക്കണം, വിവാഹിതയായ സ്വന്തം കുട്ടിയും 25 നും 35 നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീയും, ജീവിതത്തിൽ ഒരിക്കൽ മാത്രം വാടകയ്ക്ക് ലഭിച്ച സ്ത്രീയും ആയിരിക്കണം.
ഒക്‌ടോബർ 9നാണ് നയൻതാരയും വിഘ്‌നേഷും തങ്ങളുടെ ഇരട്ടകുട്ടികളായ ഉയിരിനെയും ഉലഗത്തെയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്. “നയനും ഞാനും അമ്മയും അപ്പയും ആയി. ഇരട്ടക്കുട്ടികളാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥനകളും, പൂർവ്വികരുടെ അനുഗ്രഹങ്ങളും, നന്മകളും ചേർന്ന്, അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലഗത്തിനും എല്ലാവരുടെയും അനുഗ്രഹം വേണം. ജീവിതം കൂടുതൽ ശോഭയുള്ളതും മനോഹരവുമാണ്,” വിഘ്നേഷ് കുറിച്ചതിങ്ങനെ.