/indian-express-malayalam/media/media_files/uploads/2019/11/nayanthara-2.jpg)
ചാർട്ടേഡ് അക്കൗണ്ടന്റ് ആവാൻ മോഹിച്ച ഒരു തിരുവല്ലക്കാരി. എന്നാൽ തെന്നിന്ത്യയുടെ ലേഡീ സൂപ്പർസ്റ്റാർ ആകാനായിരുന്നു ആ പെൺകുട്ടിയുടെ നിയോഗം. ഡയാന മറിയം എന്ന പെൺകുട്ടിയിൽ നിന്നും നയൻതാര എന്ന സൂപ്പർതാരത്തിലേക്കുള്ള യാത്ര ഒരു സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. 1984 നവംബർ 18 ന് തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന നയൻതാര, ഇന്ന് തെന്നിന്ത്യൻ സിനിമയ്ക്ക് പകരം വയ്ക്കാൻ കഴിയാത്തൊരു സാന്നിധ്യമാണ്.
വോഗ് മാഗസിന്റെ കവർചിത്രത്തിൽ വരെ പ്രത്യക്ഷപ്പെട്ട, തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കരുത്തയായ സ്ത്രീ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം. ഒരർഥത്തിൽ, പോരാട്ടം തന്നെയായിരുന്നു നയൻതാരയുടെ ജീവിതം. പതിനാറു വര്‍ഷത്തിനിടെ നിരവധി ഉയർച്ച താഴ്ചകളിലൂടെയാണ് നയൻതാരയുടെ കരിയർ മുന്നോട്ട് പോയത്. വ്യക്തിജീവിതത്തിലും കരിയറിലുമെല്ലാം തിരിച്ചടികൾ ഉണ്ടായിട്ടും കൂടുതൽ കരുത്തയായി നയൻതാര തിരിച്ചുവന്നു. സൂപ്പർസ്റ്റാറുകളുടെയോ നായകനടന്മാരുടെയോ സാന്നിധ്യമില്ലെങ്കിലും ഒരു സിനിമയെ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ കഴിയുമെന്ന് നയൻതാര തെളിയിക്കുകയായിരുന്നു. 'മനസ്സിനക്കരെ'യിൽ തുടങ്ങിയ നയൻതാരയുടെ സിനിമാജീവിതം 'സെയ്റ നരസിംഹ റെഡ്ഡി'യിൽ എത്തിനിൽക്കുന്നു.
തെന്നിന്ത്യൻ സിനിമയുടെ ഏക റാണി നയൻതാരയുടെ ജന്മദിനമാണ് ഇന്ന്. നയൻതാരയെ കുറിച്ച് അധികമാർക്കും അറിയാത്ത ചില വിശേഷങ്ങൾ...
ആഗ്രഹിച്ചത് ഒന്ന്, നേടിയത് മറ്റൊന്ന്
മാർത്തോമ കോളേജിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം നേടിയ ഡയാന മറിയം കുര്യൻ എന്ന പെൺകുട്ടി ആഗ്രഹിച്ചത് ചാർട്ടേർഡ് അക്കൗണ്ടന്റ് ആവാനായിരുന്നു. എന്നാൽ സിനിമ ആ പെൺകുട്ടിയുടെ സ്വപ്നങ്ങൾക്ക് പുതിയ​ ആകാശം സമ്മാനിച്ചു.
ആദ്യ ടാറ്റൂ
ശരീരത്തിൽ ആദ്യമായി പച്ചക്കുത്തുന്ന നിമിഷം ഏതൊരാളെ സംബന്ധിച്ചും ഓർത്തുവയ്ക്കാവുന്ന ഒന്നാണ്. ജീവിതത്തിലെ ഏറ്റവും സ്വാധീനിച്ച ഒരു വ്യക്തിയുടെ പേരോ ഓർമയോ അല്ലെങ്കിൽ ഇഷ്ടപ്പെട്ട വചനങ്ങളോ ബിംബങ്ങളോ ഒക്കെയാവും ടാറ്റൂവിൽ നിറയുക. കഴുത്തിന്റെ പിൻഭാഗത്ത് ചൈനയുടെ മാണ്ടറിൻ ഭാഷയിൽ വരച്ച ടാറ്റൂവാണ് നയൻതാരയുടെ ആദ്യത്തെ ടാറ്റൂ. സ്നേഹം ബലമാണ് എന്നാണ് ആ ടാറ്റൂവിന്റെ അർത്ഥം.
സ്ലിം ആൻഡ് ഫിറ്റ്
ശരീരസൗന്ദര്യവും ഫിറ്റ്നസപമെല്ലാം കാത്തുസൂക്ഷിക്കുന്നതിൽ തെന്നിന്ത്യൻ നായികമാർക്കെല്ലാം മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് നയൻതാരയുടേത്. ഫിറ്റ്നസ്സിന്റെ കാര്യത്തിൽ മമ്മൂട്ടിക്ക് പോലും ബഹുമാനമുള്ളൊരു നായിക കൂടിയാണ് നയൻസ്. തന്റെ ശരീരഭാരം 53ൽ കൂടാതെയിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുന്ന വ്യക്തി കൂടിയാണ് നയൻതാര.
'ചെന്നൈ എക്സ്പ്രസി'നോട് നോ പറഞ്ഞ നയൻതാര
ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തിയ 'ചെന്നൈ എക്സ്പ്രസി'ലേക്ക് സംവിധായകൻ റോഹിത് ഷെട്ടി ആദ്യം സമീപിച്ചത് നയൻതാരയെ ആയിരുന്നു. ചിത്രത്തിലെ ഒരു ഡാൻസ് നമ്പർ അവതരിപ്പിക്കാനായിരുന്നു നയൻതാരയ്ക്ക് ക്ഷണം. പ്രഭുദേവ കൊറിയോഗ്രാഫ് ചെയ്ത ഗാനമായതു കൊണ്ടാണ് നയൻതാര ആ ക്ഷണം സ്വീകരിക്കാതിരുന്നത് എന്നാണ് സിനിമാലോകത്തു നിന്നുള്ള റിപ്പോർട്ട്.
പേരുമാറ്റം
ഡയാന മറിയം കുര്യൻ എന്ന പേരിനോട് എന്നേക്കുമായി ഗുഡ് ബൈ പറഞ്ഞ നയൻതാര, 2011 ഓഗസ്റ്റ് 7 ന് ഹിന്ദുമതം സ്വീകരിച്ചു. ചെന്നൈ ആര്യസമാജത്തിൽ നിന്നുമാണ് നയൻതാര ഹിന്ദുമതം സ്വീകരിച്ചത്.
പ്രിയ താരങ്ങൾ
രജനി, മമ്മൂട്ടി മോഹൻലാൽ, അജിത്, വിജയ്, സൂര്യ, ചിരഞ്ജീവി, ശിവ കാർത്തികേയൻ എന്നു തുടങ്ങി തെന്നിന്ത്യൻ സിനിമയിലെ എല്ലാ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പവും അഭിനയിച്ചിട്ടുള്ള നയൻതാര സിനിമയിൽ ഏറെ ബഹുമാനിക്കുന്ന രണ്ടു വ്യക്തികൾ രജനീകാന്തും അജിത്തുമാണ്. ഇരുവരും സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്നവരാണെന്നും അവരെയാണ് താനേറെ ബഹുമാനിക്കുന്നതെന്നും നയൻതാര ഒരിക്കൽ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.
Read more: ഈ ആകാശവും, അവളുടെ ചിരിയും സ്വപ്നതുല്യം; പ്രണയപൂർവ്വം നയൻതാരയും വിഘ്നേഷും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us