‘കൊലൈയുതിര്‍ കാലം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ, മുതിര്‍ന്ന നടന്‍ രാധാ രവി തനിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതികരണവുമായി നയന്‍താര. രാധാ രവി നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ കേട്ട് സദസ്സില്‍ ഉണ്ടായിരുന്നവരില്‍ പലരും ചിരിക്കുകയും കൈയ്യടിക്കുകയും ചെയ്തതാണ് തന്നെ ഞെട്ടിച്ചതെന്ന് നയന്‍താര പ്രസ്താവനയില്‍ പറയുന്നു.

Nayanthara

Nayanthara

ഇത്തരം കാര്യങ്ങളെ പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കുന്നിടത്തോളം കാലം രാധാ രവിയെ പോലുള്ളവര്‍ സ്ത്രീവിരുദ്ധത പറഞ്ഞുകൊണ്ടേ ഇരിക്കുമെന്നും നയന്‍താര പറുന്നു. നാട്ടിലെ പൗരന്മാരോടും തന്റെ ആരാധകരോടും ഇത്തരം സ്വഭാവങ്ങളെ പ്രോത്സാഹിപ്പിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നതായും, തനിക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും രാധാരവി നടത്തിയ പരാമര്‍ശങ്ങളില്‍ ശക്തമായി അപലപിക്കുന്നതായും നയന്‍താര വ്യക്തമാക്കി.

എല്ലാ അധിക്ഷേപങ്ങളും വക വയ്ക്കാതെ താന്‍ ഇനിയും സീതയായും പ്രേതമായും ദേവിയായും അമ്മയായും ഭാര്യയായും കാമുകിയായുമെല്ലാം അഭിനയിക്കുമെന്നും നയന്‍താര പറഞ്ഞു.

തമിഴ് നാട്ടിലെ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം ഇനിയെങ്കിലും സുപ്രീംകോടതി വിധി പ്രകാരം സംഘടനയ്ക്കകത്ത് പരാതി പരിഹാര സെല്‍ ആരംഭിക്കണമെന്നും വിശാഘ മാര്‍ഗരേഖ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നയന്‍താര പ്രസ്താവന അവസാനിപ്പിച്ചത്.

Read More: നയന്‍താരയ്‌ക്കൊപ്പം തമിഴകം; രാധാ രവി പുറത്തേക്ക്

അതേസമയം നയന്‍താരയ്‌ക്കെതിരെ അപകീര്‍ത്തിപരമായ പ്രസംഗം നടത്തിയ രാധാ രവിയെ നടികര്‍ സംഘവും ഡിഎംകെയും താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. നയന്‍താരയ്‌ക്കൊപ്പമാണ് തങ്ങളെന്ന് തമിഴ് സിനിമാ ലോകം പ്രഖ്യാപിച്ചു.

Read More: ആരെതിർത്താലും എന്റെ സിനിമകളിൽ ചിന്മയി പാടും; നിലപാട് വ്യക്തമാക്കി ഗോവിന്ദ് വസന്ത

നയന്‍താരയെ വളരെ മോശമായി അധിക്ഷേപിച്ചുകൊണ്ടായിരുന്നു രാധാ രവിയുടെ പ്രസംഗം. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന ടാഗ് നയന്‍താരയ്ക്ക് ചേരില്ലെന്നും അതെല്ലാം ശിവാജി ഗണേശനേയും എംജിആറിനേയും പോലുള്ള താരങ്ങള്‍ക്കുള്ളതാണെന്നും രാധാ രവി പറഞ്ഞിരുന്നു.

Read More: പൊതുവേദിയില്‍ നയന്‍താരയെ അധിക്ഷേപിച്ച് രാധാ രവി; ചുട്ടമറുപടിയുമായി വിഘ്നേഷ് ശിവന്‍

തെലുങ്കില്‍ സീതയായി അഭിനയിക്കുന്ന നയന്‍താര തമിഴില്‍ പ്രേതമായി അഭിനയിക്കുന്നു. മുമ്പെല്ലാം കെ.ആര്‍ വിജയയെ പോലുള്ള താരങ്ങളാണ് സീതയുടെ വേഷം കൈകാര്യം ചെയ്തിരുന്നത്. ഇപ്പോള്‍ ആര്‍ക്കും ചെയ്യാമെന്നായിട്ടുണ്ടെന്നും പറഞ്ഞ രാധാ രവി പിന്നീട് നയന്‍താരയുടെ വ്യക്തി ജീവിതത്തെ കുറിച്ച് പറഞ്ഞും അധിക്ഷേപിച്ചു.

ഇതിനെതിരെ വിശാല്‍, സിദ്ദാര്‍ഥ്, ഗോവിന്ദ് വസന്ത, രാധിക ശരത് കുമാര്‍, വരലക്ഷ്മി ശരത്കുമാര്‍, ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപദ, സംവിധായകനും നയന്‍താരയുടെ കാമുകനുമായ വിഗ്നേഷ് ശിവന്‍ എന്നിവരും രംഗത്തെത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ