ഒരു താര രാജാവിന്റേയും പിന്തുണയില്ലാതെ, ഒറ്റയ്‌ക്കൊരു സിനിമ വിജയിപ്പിച്ചെടുക്കാന്‍ കെല്‍പ്പുള്ള ദക്ഷിണേന്ത്യന്‍ നടിയാണ് നയന്‍താര. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ രണ്ട് സൂപ്പര്‍ ഹിറ്റുകളാണ് താരത്തിന്റെ ലിസ്റ്റിലുള്ളത്. ‘കോലമാവ് കോകില’യും ‘ഇമൈക്ക നൊടികളും’. ഇനി ഇറങ്ങാന്‍ പോകുന്ന ചിത്രങ്ങള്‍ വേറെയും.

ശിവകാര്‍ത്തികേയനൊപ്പമുള്ള പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അസര്‍ബെയ്ജനിലാണ് നയന്‍സ് ഇപ്പോള്‍. SK13 എന്നാണ് ചിത്രത്തിന്റെ പേര്. സൂപ്പര്‍ ഹിറ്റ് ചിത്രം ‘ശിവ മനസുക്കുള്ള ശക്തി’യുടെ സംവിധായകന്‍ എം രാജേഷാണ് ഈ ചിത്രവും ഒരുക്കുന്നത്. SK13 ഒരു കോമഡി-ഡ്രാമ ഴോണറില്‍ വരുന്ന ചിത്രമായിരിക്കും. ചിത്രീകരണത്തിനിടയിലുള്ള നയന്‍സിന്റേയും ശിവകാര്‍ത്തികേയന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Read More: ‘തല’യുടെ ഭാര്യയായി ‘തലൈവി’: ‘വിശ്വാസം’ സിനിമയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

അതിനിടെയാണ് അസര്‍ബെയ്ജനില്‍ നിന്നും മനോഹരമായൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു കൊച്ചു പെണ്‍കുട്ടിക്കൊപ്പം നയന്‍താര ചിരിച്ചു കളിക്കുകയും, കുട്ടിയെ കൊഞ്ചിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുകയാണ്. ഇരുവരും മതിമറന്ന് ചിരിക്കുകയും ഉല്ലസിക്കുകയുമാണെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ചുറ്റുമുള്ളവര്‍ ഇതിന്റെ ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നുമുണ്ട്.

കെ.ഇ ജ്ഞാനവേലാണ് SK13 നിര്‍മ്മിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹിപ് ഹോപ് ആദിയാണ്. ചിത്രത്തില്‍ നടന്‍ സതീഷും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

പുതുവര്‍ഷത്തില്‍ ഒരുപിടി പ്രതീക്ഷയാര്‍ന്ന ചിത്രങ്ങളാണ് നയന്‍താരയുടേതായുള്ളത്. അജിത്തിനൊപ്പമുള്ള വിശ്വാസം 2019 പൊങ്കല്‍ റിലീസായി എത്തും. കൂടാതെ ഐറാ, കൊലയുതിര്‍ കാലം, തെലുങ്ക് ചിത്രം സൈ റാ നരസിംഹ റെഡ്ഡി എന്നിവയും മലയാളം ചിത്രം ലവ് ആക്ഷന്‍ ഡ്രാമയും നയന്‍താരയുടേതായി പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ