കോളിവുഡിലെ സൂപ്പർ നായികയാണ് നയൻതാര. ബോൾഡ് ആൻഡ് ബ്യൂട്ടിഫുകൾ നായികയെന്നു നയൻസിനെ ആരാധകർ പറയാറുണ്ട്. അഭിനയ മികവിലൂടെയും സ്വന്തം നിലപാടുകളിലൂടെയും മറ്റു നടികളിൽനിന്നും വ്യത്യസ്തയാണ് നയൻതാര. അടുത്തിടെ വോഗ് ഇന്ത്യ മാഗസിനു നൽകിയ അഭിമുഖത്തിലും നയൻതാരയുടെ നിലപാടുകൾ വ്യക്തമായിരുന്നു. പത്തു വർഷങ്ങൾക്കുശേഷം ആദ്യമായാണു നയൻതാര ഒരു മാഗസിനു അഭിമുഖം നൽകിയത്.
Read Also: എന്റെ സിനിമയോ പാട്ടുകളോ വരും എന്നോര്‍ത്ത് ആ സമയത്ത് ടി വി പോലും കാണാറില്ലായിരുന്നു: നയന്‍താര
മാഗസിനു വേണ്ടിയുളള നയൻതാരയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ട്രെൻഡായിരുന്നു. ഇപ്പോഴിതാ ഫോട്ടോഷൂട്ടിൽനിന്നുള്ളൊരു വീഡിയോയും വൈറലായിരിക്കുന്നു.
കോളിവുഡിൽ സ്ത്രീ കേന്ദ്രീകൃത സിനിമകൾ ചെയ്യുന്ന നടിമാരിൽ മുന്നിലാണ് നയൻതാര. മായ, അറം, കോലമാവു കോകില, ഐറ തുടങ്ങിയ സിനിമകൾ താരത്തിന്റെ സിനിമാ തിരഞ്ഞെടുപ്പിലെ നിലപാടുകളാണ് കാണിക്കുന്നത്. ഇതിനെക്കുറിച്ച് അഭിമുഖത്തിൽ നയൻതാര പറഞ്ഞത് ഇങ്ങനെ: ”ഞാൻ മുഖ്യകഥാപാത്രമായ സിനിമകളിൽ, എല്ലാ തീരുമാനങ്ങളും എന്റേതാണ്. ചില സമയങ്ങളിൽ, സംവിധായകർ ഭർത്താക്കന്മാരെയോ കാമുകന്മാരെയോ ചുറ്റിപ്പറ്റിയുള്ള കഥകളുമായി വരും. അത് ആവശ്യമാണോയെന്ന് ഞാൻ ചോദിക്കാറുണ്ട്.”
അഭിമുഖങ്ങൾ നൽകാത്തതിന്റെയും സിനിമാ പ്രൊമോഷനുകളിൽ പങ്കെടുക്കാത്തതിന്റെയും കാരണവും നയൻതാര അഭിമുഖത്തിൽ വ്യക്തമാക്കി. ”ഞാൻ ചിന്തിക്കുന്നത് എന്താണെന്നു ലോകം അറിയാൻ എനിക്ക് താൽപര്യമില്ല. ഞാൻ എപ്പോഴും സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. വലിയൊരു ആൾക്കൂട്ടത്തിനിടയിൽ എനിക്ക് നിൽക്കാനാവില്ല. പല തവണ മാധ്യമങ്ങള്‍ എന്നെ തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ട്. എനിക്ക് കൈകാര്യം ചെയ്യാൻ കഴിയാത്തത്ര പ്രശ്നങ്ങള്‍ ഉണ്ടായി. എന്റെ ജോലി അഭിനയമാണ്.എന്റെ സിനിമകൾ എനിക്ക് വേണ്ടി സംസാരിക്കും എന്നാണ് ഞാന്‍ കരുതുന്നത്.”