‘ലവ് ആക്ഷൻ ഡ്രാമ’യുടെ ചിത്രീകരണത്തിനിടെ തന്റെ സഹതാരങ്ങളെയും സംവിധായകനെയും പോസ് ചെയ്യാൻ പഠിപ്പിക്കുന്ന തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. നയൻതാര, നിവിൻ പോളി, സംവിധായകൻ ധ്യാൻ ശ്രീനിവാസൻ, നിർമ്മാതാക്കളായ അജു വർഗീസ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിലെ രസകരമായ നിമിഷങ്ങളാണ് വീഡിയോയിൽ ഉള്ളത്. ധ്യാനും അജു വർഗീസുമാണ് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
നയൻതാര കുറച്ചു നാളുകൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ ‘ലവ് ആക്ഷൻ ഡ്രാമ’ ഇക്കഴിഞ്ഞ ഓണത്തിനാണ് തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ് തുടങ്ങിയ മലയാളത്തിലെ മുൻനിര നായകന്മാർക്ക് ഒപ്പം നായികയായി വേഷമിട്ട നയൻതാര യുവതാരങ്ങളിൽ ശ്രദ്ധയനായ നിവിൻ പോളിയുടെ നായികയായി എത്തിയ ചിത്രം എന്ന രീതിയിലും ‘ലവ് ആക്ഷൻ ഡ്രാമ’ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ നിവിനും നയൻതാരയ്ക്കും പുറമെ അജു വർഗീസ്, രഞ്ജി പണിക്കർ, ഗൗരി കൃഷ്ണ, മല്ലികാ സുകുമാരൻ, ബിജു സോപാനം, തമിഴ് താരങ്ങളായ സുന്ദർ രാമു, പ്രജിൻ, ധന്യ ബാലകൃഷ്ണൻ എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
ചിത്രത്തിൽ ദിനേശൻ എന്ന കഥാപാത്രത്തെ നിവിൻപോളിയും ശോഭയെ നയൻതാരയും അവതരിപ്പിച്ചിരിക്കുന്നു. ഗൾഫിൽ ജോലിയുണ്ടായിരുന്ന വിദ്യാസമ്പന്നനായ ചെറുപ്പക്കാരനാണ് നിവിൻ പോളിയുടെ ദിനേശൻ. മുപ്പതു വയസ്സു കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത ദിനേശൻ ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി ഇനിയെന്തു വേണമെന്ന ആലോചനയിലാണ്. അതിനിടയിലാണ്, ഒരു വിവാഹസദസ്സിൽ വെച്ച് ആദ്യമായി ദിനേശൻ ശോഭയെ കാണുന്നത്. വെറുമൊരു കാഴ്ചയിൽ ഒതുങ്ങാതെ ദിനേശനും ശോഭയും ജീവിതയാത്രയ്ക്കിടയിൽ വീണ്ടും കൂട്ടിമുട്ടുകയാണ്. ഒരു ചെന്നൈ യാത്രയ്ക്കിടെയാണ് അപ്രതീക്ഷിതമായി ദിനേശൻ വീണ്ടും ശോഭയെ കാണുന്നത്. ആ കണ്ടുമുട്ടൽ ഇരുവരുടെയും ജീവിതത്തിൽ വഴിത്തിരിവാകുകയാണ്. വ്യത്യസ്തമായ പശ്ചാത്തലത്തിൽ ജീവിക്കുന്ന ഇരുവരും തമ്മിലുള്ള പ്രണയവും അതിനിടയിലുണ്ടാകുന്ന പ്രശ്നങ്ങളും ടേണിംഗ് പോയിന്റുമൊക്കെയായാണ് ‘ലവ് ആക്ഷൻ ഡ്രാമ’യുടെ കഥ വികസിക്കുന്നത്.
Read more: Love Action Drama, What we know so far: ദിനേശനും ശോഭയും അവരുടെ പ്രണയവുമായി ‘ലവ് ആക്ഷൻ ഡ്രാമ’