തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരാ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്ന. അറം എന്ന ചിത്രത്തിനാണ് രണ്ടാംഭാഗം വരുന്നത്. ചിത്രത്തില്‍ രാഷ്ട്രീയനേതാവായാണ് നയന്‍സ് എത്തുന്നത്. ആദ്യ ഭാഗത്തില്‍ മതിവദനി എന്ന ശക്തയായ ജില്ലാ കളക്ടറുടെ വേഷമാണ് നയന്‍താര അവതരിപ്പിച്ചത്.

ആദ്യഭാഗത്തിന് മികച്ചവരവേല്‍പായിരുന്നു തമിഴ്‌നാട്ടില്‍ ലഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ രണ്ടാംഭാഗം ഒരുക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. ഗോപി നൈനാന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ. രാജേഷാണ്. സെപ്തംബറോടെ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി.

ജലദൗര്‍ലഭ്യവും തമിഴ്‌നാടിന്റെ സമകാലിക രാഷ്ട്രീയസാഹചര്യങ്ങളും കൈകാര്യം ചെയ്ത ചിത്രമായിരുന്നു അറം. പടര്‍ന്നുപന്തലിക്കുന്ന കുടിവെള്ള മാഫിയയുടെ കൊള്ളരുതായ്മകള്‍ തുറന്നുകാണിക്കുകയും, കുടിവെള്ളമാഫിയക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന സര്‍ക്കാരിന്റെയും രാഷ്ട്രീയക്കാരുടെയും മുഖംമൂടി പിച്ചിച്ചീന്തുകയുമായിരുന്നു ഈ ചിത്രത്തിലൂടെ സംവിധായകന്‍. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കെത്തിയ നയന്‍സിനെ വന്‍ കൈയ്യടികളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. തലൈവി എന്ന് ആര്‍ത്തുവിളിച്ചായിരുന്നു വരവേറ്റത്.

നിലവില്‍ ചിരഞ്ജീവി നായകനാകുന്ന തെലുങ്ക് ചിത്രം സൈയ് റാ നരസിംഹ റെഡ്ഡിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നയന്‍സ്. ഇമൈക്ക നൊടികള്‍, കൊലൈയുതിര്‍ കാലം, കൊലമാവ് കോകില എന്നിവയും പുതിയ പ്രൊജക്ടുകളാണ്. ഇത് പൂര്‍ത്തിയാക്കിയ ശേഷമാകും അറം രണ്ടാംഭാഗത്തില്‍ അഭിനയിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ