തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാർ നയന്‍താരയുടെ പുതിയ ചിത്രമായ ഐറയുടെ ടീസര്‍ പുറത്തിറങ്ങി. തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന ചിത്രം കെം സര്‍ജുന്‍ സംവിധാനം ചെയ്യുന്നു.
‘വീണ്ടും പെണ്‍കുഞ്ഞാണോ’ എന്ന വാചകത്തില്‍ നിന്നുമാണ് ടീസര്‍ ആരംഭിക്കുന്നത്. നയന്‍താരയുടെ വ്യത്യസ്തമായ രണ്ട് റോളുകളാണ് ടീസറില്‍ അവതരിപ്പിക്കുന്നത്. രണ്ട് കാല ഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസർ നല്‍കുന്ന സൂചന. ബ്ലാക്ക് ആന്റ് വൈറ്റിലും കളറിലുമായാണ് ടീസറില്‍ രണ്ട് കാലഘട്ടങ്ങളിലെ രംഗങ്ങള്‍ വന്നു പോകുന്നത്. പേടിപ്പെടുത്തുന്ന രംഗങ്ങളും ടീസറിലുണ്ട്. നയന്‍താരയുടെ പ്രകടനം തന്നെയാണ് ടീസറിന്റേയും ആകര്‍ഷണീയത.
കരിയറില്‍ ആദ്യമായി നയന്‍താര ഡബ്ബിള്‍ റോളിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. മാ, ലക്ഷ്മി എന്നീ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സര്‍ജുന്‍. നയന്‍താരയുമായി ചേര്‍ന്ന് ഒരു ഹൊറര്‍ ചിത്രം ചെയ്യണമെന്ന് അദ്ദേഹം നേരത്തെ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞിരുന്നു.
കെജെആര്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നയന്‍താരയുടെ അറമും കെജെആര്‍ സ്റ്റുഡിയോയാണ് നിര്‍മ്മിച്ചത്. കോലമാവ് കോകില, ഇമൈകള്‍ നൊടികള്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ തിളക്കത്തിലാണ് നയന്‍താര. ഇതിന് പുറമെ അജിത്തിനൊപ്പമുള്ളതടക്കം വമ്പന്‍ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്നുണ്ട്.