തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കരുത്തയായ സ്ത്രീ എന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് നയൻതാരയുടേത്. ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിൽ നാടൻ പെൺകുട്ടിയായി എത്തി തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ ആയി മാറിയ നയൻതാരയുടെ അഭിനയ ജീവിതം ഏതൊരാളെയും ഒരു സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്ന ഒന്നാണ്.
ഒരർഥത്തിൽ, പോരാട്ടം തന്നെയായിരുന്നു നയൻതാരയുടെ ജീവിതം. പതിനാറു വര്‍ഷത്തിനിടെ നിരവധി ഉയർച്ച താഴ്ചകളിലൂടെയാണ് നയൻതാരയുടെ കരിയർ മുന്നോട്ട് പോയത്. വ്യക്തിജീവിതത്തിലും കരിയറിലുമെല്ലാം തിരിച്ചടികൾ ഉണ്ടായിട്ടും കൂടുതൽ കരുത്തയായി നയൻതാര തിരിച്ചുവന്നു. സൂപ്പർസ്റ്റാറുകളുടെയോ നായകനടന്മാരുടെയോ സാന്നിധ്യമില്ലെങ്കിലും ഒരു സിനിമയെ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ കഴിയുമെന്ന് നയൻതാര തെളിയിക്കുകയായിരുന്നു. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന അഭിനേത്രി കൂടിയാണ് നയൻതാര.
ഭർത്താവ് വിഘ്നേഷ് ശിവനൊപ്പം സ്പെയിനിലെ ബാഴ്സലോണയിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു നയൻതാര. സ്പെയ്ൻ വേക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും വിഘ്നേഷ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു. സ്റ്റൈലിഷ് ലുക്കിലുള്ള നയൻതാരയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“നീയെൻ ഉലകസുന്ദരി, നിന്നെ പോൽ മറ്റാരുമില്ല,” എന്നാണ് ചിത്രങ്ങൾ ഷെയർ ചെയ്ത് വിഘ്നേഷ് കുറിക്കുന്നത്.

സ്പാനിഷ് ഫൊട്ടോഗ്രാഫറായ കെൽമി ബിൽബോയാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
അതേസമയം, നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ’ എന്ന ഡോക്യുമെന്ററി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക.
ജൂൺ ഒമ്പതിന് മഹാബലിപുരത്ത് വച്ചായിരുന്നു തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. ഷാരൂഖ് ഖാൻ, രജനികാന്ത്, മണിരത്നം എന്നിവരെ കൂടാതെ ശരത് കുമാർ, വിജയ് സേതുപതി, രാധിക ശരത് കുമാർ, അജിത്, സൂര്യ, വിജയ്, കാർത്തി, വിജയ് സേതുപതി, ആര്യ, ദിലീപ്, ബോണി കപൂർ, സംവിധായകൻ ആറ്റ്‌ലി എന്നിവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.