തമിഴിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍‌താരയുടെ ഏറ്റവും പുതിയ ചിത്രം ‘കൊലമാവ്‌ കോകില’ (കോകോ)യുടെ ഷൂട്ടിങ് പുരോഗമിക്കുന്നു. ഇതിന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നയന്‍സിന്‍റെ സ്റ്റൈലില്‍ നിന്നും വ്യത്യസ്തമായി വളരെ സിമ്പിൾ ലുക്കിലാണ് ഈ ചിത്രങ്ങളില്‍ നയൻതാരയെ കാണാന്‍ കഴിയുന്നത്‌. എന്നാല്‍ ആക്ഷന്‍ ചിത്രമായത് കൊണ്ട് വളരെ പവര്‍ഫുള്‍ ആയ കഥാപാത്രമായിയിരിക്കും നയന്‍താരയുടേത് എന്ന് കരുതേണ്ടി വരും. ടൈറ്റില്‍ കഥാപാത്രമാണ് ‘കൊലമാവ്‌ കോകില’.

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈകാ പ്രൊഡക്ഷന്‍സാണ്. നയന്‍താരയെക്കൂടാതെ ശരണ്യ പൊന്‍വണ്ണന്‍, അരന്‍താങ്കി നിഷ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.

തെലുങ്ക്‌ സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയോടൊപ്പം ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ കൈകോര്‍ക്കുന്ന ‘സൈരാ നരസിംഹ റെഡ്ഡി’യാണ് നയന്‍താര നായികയാകുന്ന, ഇപ്പോള്‍ ഷൂട്ടിങ് നടന്നു വരുന്ന മറ്റൊരു ചിത്രം. തമിഴ്, തെലുങ്ക്‌, കന്നഡ ഭാഷകളിലെ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുള്ള നയന്‍താര ഇതാദ്യമായാണ് അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്നത്. ഈ ചിത്രം കൂടാതെ മമ്മൂട്ടി, കമൽഹാസന്‍ തുടങ്ങിയവര്‍ക്കൊപ്പവും നയന്‍സ് അഭിനയിക്കുന്നു എന്ന് വാര്‍ത്തകളുണ്ട്.

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്‌പദമാക്കി മഹി വി.രാഘവ് ഒരുക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ നായികയായി നയന്‍താര എത്തുന്നത്‌. രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം സംവിധായകന്‍ ശങ്കറും ഉലകനായകന്‍ കമല്‍ഹാസനും ഒന്നിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ 2, അതിലെ നായികയും നയന്‍‌താര തന്നെ.

നയന്‍സിന്‍റെ വിവാഹവും ഉടന്‍ ഉണ്ടായേക്കും എന്നും അഭ്യൂഹമുണ്ട്. വരൻ സംവിധായകൻ വിഘ്നേശ് ശിവനും. നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലാണെന്ന് സിനിമാ ആരാധകർക്ക് അറിയാം. ഇരുവരും ഇക്കാര്യം തുറന്നു പറഞ്ഞിട്ടില്ല. എങ്കിലും സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ വഴിയും പൊതുപരിപാടികൾക്ക് ഒരുമിച്ച് എത്തിയും തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും പറയാതെ പറയുന്നുണ്ട്.

നയൻതാരയുടെ ഓരോ നേട്ടങ്ങൾക്കും ആശംസ അറിയിച്ച് വിഘ്നേശ് ട്വീറ്റ് ചെയ്യാറുണ്ട്. സിനിമയിലെത്തി നയൻതാര 14 വർഷങ്ങൾ പിന്നിട്ടപ്പോഴും വിഘ്നേശ് അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. ‘നയനിസത്തിന്‍റെ പതിനാല് വര്‍ഷങ്ങള്‍, നിനക്ക് കൂടുതല്‍ കരുത്തും വിജയങ്ങളും നേരുന്നു… നയന്‍താര. അത് തുടര്‍ന്നുകൊണ്ടേയിരിക്കുക. ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ട് മനോഹരമായ ഒരു ദിനം. അതിമനോഹരമായ ക്രിസ്മസ് ദിനമായിരുന്നു ഇത്. ഒരുപാട് ശുഭപ്രതീക്ഷകള്‍…ഒരുപാട് സ്നേഹം..’ എന്നായിരുന്നു വിഘ്‌നേശ് കുറിച്ചത്.

നയൻതാരയുടെ പിറന്നാളിനും വിഘ്നേശ് ആശംസ നേർന്ന് ട്വീറ്റ് ചെയ്തു. ”ഞാൻ മാതൃകയായി നോക്കിക്കാണുന്ന സ്ത്രീക്ക് ജന്മദിനാശംസകൾ. എന്നും ശക്തയായിരിക്കുക, സുന്ദരിയായിരിക്കുക. അതിശയകരമായ കഥകളിലൂടെ നയൻതാര എന്താണെന്ന് തെളിയിക്കുക. നിന്നെക്കുറിച്ച് എന്നും ഞാൻ അഭിമാനിക്കുന്നു. ഒരുപാട് സ്നേഹവും ബഹുമാനവും എന്‍റെ തങ്കമേ” ഇതായിരുന്നു പിറന്നാൾദിന ആശംസയായി ട്വിറ്ററിലൂടെ വിഘ്നേശ് തന്‍റെ നയൻസിന് നൽകിയത്.

തന്‍റെ നേട്ടങ്ങൾക്ക് ഒപ്പം നിന്നതിന് നയൻതാരയും വിഘ്നേശിന് നന്ദി പറയാറുണ്ട്. പക്ഷേ ആദ്യമായി നയൻതാര വിഘ്നേശിനെ തന്‍റെ പ്രതിശ്രുത വരനെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ്. ദ് ഹിന്ദു ദിനപത്രം സംഘടിപ്പിച്ച വേൾഡ് ഓഫ് വുമൺ 2018 ചടങ്ങിൽ നടത്തിയ പ്രസംഗത്തിലാണ് വിഘ്നേശ് തന്‍റെ പ്രതിശ്രുത വരനാണെന്ന് നയൻതാര പേരെടുത്ത് പറയാതെ പറഞ്ഞത്.

‘എനിക്ക് പിന്തുണ നൽകിയതിന് എന്‍റെ അമ്മയോടും അച്ഛനോടും സഹോദരനോടും പ്രതിശ്രുത വരനോടും നന്ദി പറയുന്നു. ഈ അവാർഡ്ദാന ചടങ്ങ് ഞാൻ പങ്കെടുത്ത മറ്റു ഫിലിം അവാർഡുകളിൽനിന്നും വളരെ വ്യത്യസ്തമാണ്. അവാർഡ് സ്വീകരിക്കാൻ ഇവിടെയെത്തിയ സ്ത്രീകളിൽനിന്നും ലഭിച്ച ഊർജവുമായാണ് ഞാൻ വീട്ടിലേക്ക് മടങ്ങുക’, നയൻതാര പറഞ്ഞു.

ചിത്രങ്ങള്‍: ട്വിറ്റെര്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ