രജനികാന്തിനെ നായകനാക്കി സംവിധായകൻ എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദർബാർ’. തമിഴകത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ചിത്രത്തിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്തുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 14 വർഷങ്ങൾക്ക് ശേഷമാണ് മുരുഗദോസ് ചിത്രത്തിൽ അഭിനയിക്കാൻ നയൻതാരയെത്തുന്നത്. 2005 ൽ പുറത്തിറങ്ങിയ ‘ഗജിനി’ ആയിരുന്നു നയൻതാരയും മുരുഗദോസും ഒന്നിച്ച് പ്രവർത്തിച്ച അവസാനചിത്രം.

‘ദർബാറി’ന്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻ ആണ് ചിത്രത്തിൽ നയൻതാര ജോയിൻ ചെയ്ത കാര്യം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്.

നയൻതാരയുമായി വീണ്ടും ഒന്നിച്ച് പ്രവർത്തിക്കുന്നതിലുള്ള സന്തോഷം മുരുഗദോസും ട്വിറ്ററിലൂടെ പങ്കുവെയ്ക്കുന്നു.

ചിത്രത്തിലെ രജനികാന്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ റിലീസ് ചെയ്തിരുന്നു. ചിത്രത്തിൽ ഒരു പൊലീസുകാരനായിട്ടാണ് രജനികാന്ത് എത്തുന്നതെന്ന സൂചനകളാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ തരുന്നത്. മുംബൈ ആസ്ഥാനമായി നടക്കുന്ന കഥയാണ് ‘ദർബാർ’ പറയുന്നതെന്നും റിപ്പോർട്ടുണ്ട്.

ഇത് നാലാമത്തെ തവണയാണ് രജനീകാന്തും നയൻതാരയും ഒന്നിക്കുന്നത്. ‘ചന്ദ്രമുഖി’, ‘കുശേലൻ’, ‘ശിവജി’ എന്നീ ചിത്രങ്ങൾക്കു ശേഷം നയൻതാര തലൈവർക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ദർബാറി’നുണ്ട്. 2020 ൽ പൊങ്കലിന് റിലീസ് ചെയ്യാവുന്ന രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്.

Read more: രജനീകാന്തും നയൻതാരയും വീണ്ടുമൊന്നിക്കുന്നു; ‘ദർബാർ’ ഫസ്റ്റ് ലുക്ക്

‘തുപ്പാക്കി’,’ഗജിനി’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ മുരുഗദോസ്’സർക്കാറി’നു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദർബാർ’. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘2.0’ന്റെ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസ് ആണ് ‘ദർബാറും’ നിർമ്മിക്കുന്നത്. മുരുഗദോസിന്റെ ‘കത്തി’ (2014) എന്ന ചിത്രം നിർമ്മിച്ചു കൊണ്ട് നിർമ്മാണരംഗത്തേക്ക് കടന്നുവന്ന ലൈക പ്രൊഡക്ഷൻസ് വീണ്ടും മുരുഗദോസ് ചിത്രത്തിനു വേണ്ടി കൈകോർക്കുന്നു എന്നതും യാദൃശ്ചികമാണ്.

സന്തോഷ് ശിവനാണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫർ. ദളപതി’യ്ക്ക് ശേഷം നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് രജനീകാന്ത് ചിത്രത്തിന് സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്, മുൻ ചിത്രം ‘പേട്ട’യുടെ സംഗീതമൊരുക്കിയതും അനിരുദ്ധായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook