തമിഴില്‍ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ‘അറം’ എന്ന ചിത്രത്തില്‍ നായകനും നായികയുമെല്ലാം നയന്‍‌താരയായിരുന്നു. അത് പോലെ നയന്‍സിന്‍റെ ‘മായ’, ‘ഡോറ’ എന്നീ ചിത്രങ്ങളും – തീര്‍ത്തും നയന്‍‌താരയുടേത് എന്ന് വിശേഷിപ്പിക്കാവുന്നവ. ഈ ചിത്രങ്ങളെല്ലാം വലിയ വിജയം കണ്ടവയുമാണ്. ഇങ്ങനെ നായികാ കഥാപാത്രത്തെ ചുറ്റിപറ്റിയുള്ള ഒരു സിനിമ മലയാളത്തില്‍ ചെയ്യാന്‍ തയ്യാറെടുക്കുകയാണ് നയന്‍‌താര.

എ.കെ സാജന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പുതിയ നിയമത്തിനു ശേഷം നയന്‍താര വീണ്ടും മലയാളത്തിലേക്ക് വരികയാണ്. എഴുത്തുകാരന്‍ ഉണ്ണി.ആര്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ‘കോട്ടയം കുര്‍ബാന’ എന്ന ചിത്രത്തിലൂടെയാണ് നയന്‍സിന്റെ തിരിച്ചുവരവ്. നവാഗതനായ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും സ്ത്രീ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥപറയുക. ചിത്രത്തിൽ നായകനില്ല എന്നാണ് റിപ്പോർട്ടുകൾ. കോട്ടയം പശ്ചാത്തലമായാണ് ചിത്രം ഒരുങ്ങുന്നത്.

ചാര്‍ലി, മുന്നറിയിപ്പ്, ലീല എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഉണ്ണി.ആര്‍ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് കോട്ടയം കുര്‍ബാന. സിനിമയില്‍ പുതുമുഖമാണെങ്കിലും സംവിധായകന്‍ മഹേഷ് വെട്ടിയാര്‍ പരസ്യചിത്ര രംഗത്തും അനിമേഷന്‍ രംഗത്തും പരിചയസമ്പത്തുള്ള ആളാണ്.

ഇന്ത്യന്‍ സിനിമാ മേഖലയിലെ പ്രശസ്തരായ സാങ്കേതിക വിദഗ്ദരാണ് ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുക. ക്ലേമേഷന്‍ വിദഗ്ദ്ധനും ‘താരേ സമീന്‍പറിലൂടെ’ ശ്രദ്ധേയനുമായ ദിമന്ത് വ്യാസ്, ദേശീയ അവാര്‍ഡ് ജേതാവായ ആനിമേറ്റര്‍ ചേതന്‍ശര്‍മ, സംസ്ഥാന അവാര്‍ഡ് ജേതാവ് അപ്പു ഭട്ടതിരി, ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍ എന്നിവര്‍ കോട്ടയം കുര്‍ബാനയ്ക്കായി ഒന്നിക്കുന്നു.

തമിഴിലും തെലുങ്കിലും കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മലയാളത്തില്‍ ആദ്യമായാണ് നയന്‍താരയ്ക്ക് ഇത്തരത്തിലൊരു വേഷം ലഭിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെയിലൂടെയാണ് നയന്‍താര സിനിമയിലേക്കു വന്നതെങ്കിലും പിന്നീട് തമിഴിലും തെലുങ്കിലും സജീവമാകുകയായിരുന്നു. അടുത്തിടെ അഭിനയിച്ച അറം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ