തെന്നിന്ത്യയുടെ പ്രിയ താരം നയന്‍താര ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ തിരികെ എത്തിയിരിക്കുകയാണ്. അപ്പു ഭട്ടതിരി സംവിധാനം ചെയ്ത ‘നിഴല്‍’ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പമാണ് താരറാണിയുടെ തിരിച്ചു വരവ്. ചിത്രം ഇന്നലെ തിയേറ്ററുകളില്‍ എത്തിയതിനു പിന്നാലെ, നയന്‍താരയും കൊച്ചിയിലെത്തുന്നു എന്ന സൂചനയാണ് നയന്‍സിന്റെ കൂട്ടുകാരനും സംവിധായകനുമായ വിഗ്നേഷ് ശിവന് നല്‍കുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ വിഗ്നേഷിന്റെ ഏറ്റവും പുതിയ സ്റ്റോറികളില്‍ ഒരു വിമാനയാത്രയുടെ വീഡിയോകളാണ് ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. വിഗ്നേഷും നയന്‍താരയും വിമാനത്തിനുള്ളിലിരിക്കുന്നതും കളി തമാശ പറയുന്നതുമെല്ലാം അതില്‍ കാണാം. ‘enroute kochi’ എന്നൊരു കുറിപ്പും ചേര്‍ത്തിട്ടുണ്ട്. ‘നിഴല്‍’ റിലീസിന് ഭാവുകങ്ങളും നേര്‍ന്നിട്ടുണ്ട് വിഗ്നേഷ്.
കൊച്ചിക്ക് പോകും വഴി; കളിയും ചിരിയുമായി നയന്‍സും വിഗ്നേഷും, വീഡിയോ
Read Here: https://t.co/Mzr87vSY8Q pic.twitter.com/i7JdKl8X8b— IE Malayalam (@IeMalayalam) April 10, 2021
കുഞ്ചാക്കോ ബോബന്-നയന്‍താര ടീമിന്റെ ‘നിഴല്‍’ ഇന്നലെ റിലീസ് ചെയ്തതിനു പിന്നാലെ നല്ല പ്രതികരണങ്ങളാണ് ലഭിച്ചു വരുന്നത്. ധാരാളം സൂപ്പര്‍ ഹിറ്റ് സിനിമകളുടെ എഡിറ്ററായി പ്രവര്‍ത്തിച്ച അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനത്തിലേക്ക് ചുവട് വക്കുന്ന ചിത്രമാണ് ‘നിഴല്‍.’ എസ് സഞ്ജീവാണ് ചിത്രത്തിന്റെ തിരക്കഥ. മാസ്റ്റര്‍ ഐസിന് ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ,ആദ്യ പ്രസാദ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ദീപക് ഡി മേനോന് ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ സുഭാഷ് കരുണ്‍, ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ഡിക്സണ്‍ പൊഡുത്താസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് രാജീവ് പെരുമ്പാവൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന് ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
നിധി എന്ന കുട്ടി പറയുന്ന ഒരു കഥയിൽ നിന്നും, അവനെ ചുറ്റി നിൽക്കുന്ന നിഗൂഢമായ ഒന്ന് ജോണ്‍ ബേബി എന്ന ജുഡീഷ്യൽ മജിസ്ട്രേറ്റിലേക്ക് (കുഞ്ചാക്കോ ബോബന്) എത്തുകയും, അയാൾ തന്റെ ജിജ്ഞാസ കൊണ്ടാകണം അതിന്മേൽ ഒരന്വേഷണം നടത്തുകയും ചെയ്യുന്നു. ഷർമിള (നയന്‍താര) ആദ്യം തന്റെ കുട്ടിയെ സംരക്ഷിക്കാൻ ശ്രമിക്കുകയും പിന്നീട് ജോണ്‍ ബേബിയോട് സഹകരിക്കുകയും ചെയ്യുന്നു. ഒരു മുങ്ങി മരണത്തിന്റെ സാധ്യതകളിലേക്കാണ് നിധിയുടെ കഥ വിരൽ ചൂണ്ടുന്നത്. സാഹചര്യങ്ങളെ ബന്ധിപ്പിച്ചു നടക്കുന്ന ആ അന്വേഷണം ത്രില്ലിംഗ് ആയ രീതിയിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
നിഗൂഢതകള്‍ നിറഞ്ഞ കഥ, ത്രില്ലർ സ്വഭാവമുള്ള ആഖ്യാനം, നായികാ കഥാപാത്രം എന്ന സാമാന്യ പ്രയോഗത്തിനും അപ്പുറം ശക്തമായ സ്ത്രീ കഥാപാത്രം എന്നിങ്ങനെ ‘നിഴല്‍’ മുന്നോട്ട് വയ്ക്കുന്ന വ്യത്യസ്തകൾ പലതുണ്ട്.
അഖില്‍ എസ് മുരളീധരന്റെ ‘നിഴല്‍’ റിവ്യൂ വായിക്കാം: ആദ്യാവസാനം പിടിച്ചിരുത്തുന്ന സിനിമ