പത്തു വർഷങ്ങൾക്കുശേഷം ആദ്യമായൊരു  അഭിമുഖം നൽകിയിരിക്കുകയാണ് നയൻതാര. വോഗ് ഇന്ത്യ മാഗസിനു വേണ്ടിയാണ് തെന്നിന്ത്യന്‍ താരറാണി മനസു തുറന്നത്. വോഗ് ഇന്ത്യ മാഗസിന്റെ ഒക്ടോബർ ലക്കത്തിലെ കവർ ഗേളുമാണ് നയൻതാര. മാഗസിനു വേണ്ടി കവർ മോഡലാകുന്ന ആദ്യ തെന്നിന്ത്യൻ നടി കൂടിയാണ് നയൻസ്. മലയാളികളുടെ പ്രിയപ്പെട്ട ദുൽഖർ സൽമാനും തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവും നയൻതാരയ്ക്കൊപ്പം കവർ ഫോട്ടോയിലുണ്ട്.

അഭിമുഖത്തിൽ സിനിമയെക്കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും നയൻതാര മനസ്സ് തുറന്നു.

”ഞാൻ മുഖ്യകഥാപാത്രമായ സിനിമകളിൽ, എല്ലാ തീരുമാനങ്ങളും എന്റേതാണ്. ചില സമയങ്ങളിൽ, സംവിധായകർ ഭർത്താക്കന്മാരെയോ കാമുകന്മാരെയോ ചുറ്റിപ്പറ്റിയുള്ള കഥകളുമായി വരും. അത് ആവശ്യമാണോയെന്ന് ഞാൻ ചോദിക്കാറുണ്ട്,” നയൻതാര പറഞ്ഞു. നയൻതാര പ്രധാന കഥാപാത്രമായ ‘അറം’,’ കോലമാവു കോകില’ തുടങ്ങിയ സിനിമകൾ ഏറെ ശ്രദ്ധ നേടിയവയാണ്.

വിജയത്തിൽ മതിമറക്കുകയോ അതിൽ തലക്കനം കൂടുകയോ ചെയ്യുന്ന ഒരാളല്ല താനെന്നും നയൻതാര പറഞ്ഞു. ”എപ്പോഴും ഞാൻ ഭയപ്പെടുന്നു. നല്ലൊരു സിനിമ പ്രേക്ഷകർക്ക് നൽകാൻ എനിക്കാവുമോയെന്ന ഭയത്തിലാണ് ഞാനെപ്പോഴും ജീവിക്കുന്നത്.”

”എന്തുകൊണ്ടാണ് എല്ലായ്പ്പോഴും പുരുഷന്മാർക്കു മാത്രം അധികാരമുണ്ടായിരിക്കേണ്ടത്? പ്രശ്നമെന്തെന്നാൽ സ്ത്രീകൾ ഇപ്പോഴും കമാൻഡിങ് റോളിലേക്ക് എത്തിയിട്ടില്ല. ഇതാണ് എനിക്ക് വേണ്ടത്, ഇതാണ് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നതെന്നു പറയാൻ അവർക്ക് ഇപ്പോഴും കഴിയുന്നില്ല. ഇതൊരു ജെൻഡർ കാര്യമല്ല. നിങ്ങൾ പറയുന്നത് ഞാൻ കേൾക്കുന്നുണ്ടെങ്കിൽ, നിങ്ങൾ ഞാൻ പറയുന്നതും കേൾക്കണം.”

 

View this post on Instagram

 

#nayanthara #bigil

A post shared by The Actress Hub (@indianactresshub) on

കരിയറിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് നയൻതാര പെട്ടെന്നു അഭിനയത്തിൽ നിന്നും വിട്ടു നിന്നത്. സ്വകാര്യ ജീവിതത്തില്‍ ഉണ്ടായ താളപ്പിഴകളായിരുന്നു അത്തരം ഒരു തീരുമാനം എടുക്കാന്‍ താരത്തെ പ്രേരിപ്പിച്ചത് എന്ന് കരുതപ്പെടുന്നു.

‘ശ്രീ രാമരാജ്യം’ (2011 )എന്ന സിനിമ മാത്രമാണ് നയൻതാര ചെയ്തത്. പിന്നീട് പതിനൊന്നു മാസത്തെ ഇടവേളയ്ക്കു ശേഷം നയൻതാര വീണ്ടും അഭിനയത്തിൽ സജീവമായി. ‘ഞാൻ എന്റേതായ ലോകത്തായിരുന്നുവെന്നാണ്’ ഈ നീണ്ട ഇടവേളയെക്കുറിച്ച് നയൻതാര അഭിമുഖത്തിൽ പറഞ്ഞത്. ആ സമയത്ത് തന്റെ സിനിമകളോ പാട്ടുകളോ കാണിക്കുന്ന ചാനലുകളൊന്നും താന്‍ കാണാറില്ലായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

അഭിമുഖങ്ങൾ നൽകാത്തതിന്റെയും സിനിമാ പ്രൊമോഷനുകളിൽ പങ്കെടുക്കാത്തതിന്റെയും കാരണവും നയൻതാര വ്യക്തമാക്കി.

”ഞാൻ ചിന്തിക്കുന്നത് എന്താണെന്നു ലോകം അറിയാൻ എനിക്ക് താൽപര്യമില്ല. ഞാൻ എപ്പോഴും സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. വലിയൊരു ആൾക്കൂട്ടത്തിനിടയിൽ എനിക്ക് നിൽക്കാനാവില്ല. പല തവണ മാധ്യമങ്ങള്‍ എന്നെ തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ട്. എനിക്ക് കൈകാര്യം ചെയ്യാൻ കഴിയാത്തത്ര പ്രശ്നങ്ങള്‍ ഉണ്ടായി. എന്റെ ജോലി അഭിനയമാണ്.എന്റെ സിനിമകൾ എനിക്ക് വേണ്ടി സംസാരിക്കും എന്നാണ് ഞാന്‍ കരുതുന്നത്.”

ചിരഞ്ജീവി നായകനായ ‘സെയ്റ നരസിംഹ റെഡ്ഡി’യാണ് നയൻതാരയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. രജനീകാന്തിന്റെ ‘ദർബാർ’, വിജയ്‌യുടെ ‘ബിഗിൽ’ എന്നിവയാണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന സിനിമകൾ.

Read Here: വസന്തം വിരിഞ്ഞ വെള്ളി: ഈ ആഴ്ച റിലീസ് ചെയ്ത ചിത്രങ്ങളുടെ റിവ്യൂ, ഒറ്റനോട്ടത്തിൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook