രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം സംവിധായകന്‍ ശങ്കറും ഉലകനായകന്‍ കമല്‍ഹാസനും ഒന്നിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ 2. സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് നയന്‍താരയായിരിക്കും എന്നതാണ് പുതിയ റിപ്പോര്‍ട്ട്. മനീഷ കൊയ്‌രാളയും ഊര്‍മിള മതോന്ത്കറും നായികമാരായെത്തിയ ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഇന്ത്യന്‍ 2. 1996ലാണ് ഇന്ത്യന്‍ പുറത്തിറങ്ങിയത്.
ഇക്കഴിഞ്ഞ ജനുവരി 26നാണ് ഇന്ത്യന്‍ 2 വിനെക്കുറിച്ച് സംവിധായകന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ശങ്കറിന്റെ തന്നെ രജനീകാന്ത് ചിത്രം 2.0യുടെ നിര്‍മ്മാതാക്കളായ ലിസ പ്രൊഡക്ഷനാണ് ഇന്ത്യന്‍ 2ഉം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുന്നത് അനിരുദ്ധ് ആയിരിക്കും എന്നും വാര്‍ത്തകളുണ്ട്.
ഇന്ത്യന്‍ 2 ഒരു ദ്വിഭാഷ ചിത്രമായിരിക്കും. തമിഴിലും തെലുങ്കിലും ഒരേ സമയം ചിത്രം പുറത്തിറങ്ങും. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ആദ്യമായാകും നയന്‍താര കമല്‍ഹാസനൊപ്പം എത്തുന്നത്. നയന്‍സിന്റെ ബിഗ് ബ്രേക്ക് ‘ചന്ദ്രമുഖി’ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനൊപ്പമായിരുന്നു. മലയാള ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്കായിരുന്നു ചന്ദ്രമുഖി.
അഴിമതിക്കെതിരെ ശക്തമായ നിലപാടുകളെടുത്ത ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ കഥയായിരുന്നു ‘ഇന്ത്യന്‍’. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് കമല്‍ പ്രത്യക്ഷപ്പെട്ടത്. കമല്‍ഹാസന് നിരവധി അംഗീകാരങ്ങള്‍ നേടിക്കൊടുത്ത ചിത്രമായിരുന്നു ഇത്.