ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്ക് കൈനിറയെ ചിത്രങ്ങളാണ്. തമിഴ്, മലയാളം, തെലുങ്ക് സിനിമകളിലായി താരം തിരക്കിലാണ്. തമിഴിൽ നയൻസിന്റേതായി ഈ വർഷം പുറത്തിറങ്ങിയ ഇമൈക്ക നൊടികൾ, കോലമാവ് കോകില എന്നീ രണ്ടു സിനിമകളും സൂപ്പർ ഹിറ്റായിരുന്നു. അജിത്തിന്റെ നായികയായി എത്തുന്ന ‘വിശ്വാസം’ സിനിമയ്ക്കാണ് ആരാധകർ ഇനി കാത്തിരിക്കുന്നത്. ചിത്രത്തിലെ നയൻതാരയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് വൻവരവേൽപ്പാണ് ആരാധകർ നൽകിയത്.

അഭിനയ മികവിലൂടെ തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാറായ നയൻതാര സമ്പന്നരുടെ പട്ടികയിലും സൗത്ത് ഇന്ത്യൻ നടിമാരെ പിന്നിലാക്കി ഒന്നാം സ്ഥാനം കൈയ്യടക്കിയിരുന്നു. ഫോബ്സ് മാഗസിൻ ഈ വർഷം പുറത്തുവിട്ട 100 പേരുടെ പട്ടികയിലാണ് നയൻതാരയും ഇടം നേടിയത്. സൗത്ത് ഇന്ത്യൻ നടിമാരിൽ ആദ്യമായാണ് ഒരാൾ ഫോബ്സ് പട്ടികയിൽ ഇടം പിടിക്കുന്നത്.

പട്ടികയിൽ 69-ാം സ്ഥാനത്താണ് നയൻതാര. 15.17 കോടി രൂപയാണ് നയൻതാരയുടെ വാർഷിക വരുമാനം. പട്ടികയിൽ സൽമാൻ ഖാൻ ആണ് ഒന്നാമത്. ഇത് മൂന്നാം തവണയാണ് സൽമാൻ ഒന്നാം സ്ഥാനം നിലനിർത്തുന്നത്. 253.25 കോടിയാണ് സൽമാന്റെ സമ്പാദ്യം. സിനിമ, ടിവി റിയാലിറ്റി ഷോ, പരസ്യം എന്നിവയിൽനിന്നുമാണ് താരത്തിന്റെ വരുമാനം.

രണ്ടാം സ്ഥാനത്ത് വിരാട് കോഹ്‌ലിയാണ്. 228.09 കോടിയാണ് കോഹ്‌ലിയുടെ സമ്പാദ്യം. അക്ഷയ് കുമാറാണ് മൂന്നാം (185 കോടി) സ്ഥാനത്ത്. ദീപിക പദുക്കോൺ ആണ് നാലാം (112.8 കോടി) സ്ഥാനത്ത്. കഴിഞ്ഞ വർഷം ദീപിക 11-ാം സ്ഥാനത്തായിരുന്നു. എം.എസ്.ധോണി (101.77 കോടി) ആണ് അഞ്ചാം സ്ഥാനത്ത്.

തമിഴകത്തുനിന്നും എ.ആർ.റഹ്മാൻ (11), രജനീകാന്ത് (14), വിജയ് (26), വിക്രം (29), സൂര്യ (34), വിജയ് സേതുപതി (34), ധനുഷ് (53), കമൽഹാസൻ (71) എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റുള്ളവർ. മലയാളത്തിൽനിന്നും മമ്മൂട്ടി മാത്രമാണ് പട്ടികയിൽ ഇടം നേടിയത്. 18 കോടിയുമായി പട്ടികയിൽ 49-ാം സ്ഥാനത്താണ് മമ്മൂട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook