മലയാളത്തിൽനിന്നും തമിഴകത്തെത്തി താരറാണിയായി മാറിയ നടിയാണ് നയൻതാര. തമിഴ് മക്കൾ ലേഡി സൂപ്പർസ്റ്റാർ എന്നാണ് നയൻതാരയെ വിളിക്കുന്നത്. അഭിനയ മികവും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുമാണ് നയൻതാരയ്ക്ക് ഈ പേര് ചാർത്തിക്കൊടുത്തത്. നയൻസ് എന്നും സ്നേഹത്തോടെ താരത്തെ വിളിക്കാറുണ്ട്.

മലയാള സിനിമയിൽനിന്നും തമിഴകത്ത് എത്തിയ നയൻതാരയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ചിമ്പുവും പ്രഭുദേവയുമായുളള പ്രണയ തകർച്ചയ്ക്കുശേഷം സിനിമയിൽനിന്നും ചെറിയൊരു ഇടവേളയെടുത്ത നയൻതാരയുടെ പിന്നത്തെ വരവ് ഏവരെയും അതിശയപ്പെടുത്തിക്കൊണ്ടായിരുന്നു. വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന ചിത്രമായിരുന്നു നയൻസിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. ആ ചിത്രത്തിനുശേഷം വിഘ്നേശുമായി നയൻസ് പ്രണയത്തിലാവുകയും ചെയ്തു.

സിനിമയിൽ 14 വർഷങ്ങൾ പൂർത്തിയാക്കിയ നയൻതാര തന്റെ നേട്ടങ്ങൾക്കെല്ലാം നന്ദി പറയുന്നത് ആരാധകരോടാണ്. 2017 കടന്നു പോകുമ്പോൾ ആരാധകർക്ക് സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിലൂടെയാണ് നയൻസ് നന്ദി അറിയിച്ചിട്ടുളളത്.

”എന്റെ ഈ ജീവിതം അർത്ഥപൂർണമാക്കിയ എല്ലാ ആരാധകർക്കും! എന്റെ നന്ദിയും പുതുവർഷത്തിൽ ഹൃദയം നിറഞ്ഞ ആശംസകളും നേരുന്നു”.

”ആത്മാർത്ഥതയും നിരുപാധികമായ സ്നേഹവും നിലനിൽക്കുന്നുവെന്ന് എന്നെ വിശ്വസിപ്പിച്ചത് നിങ്ങളാണ്. എന്നോടുളള നിങ്ങളുടെ സ്നേഹം ജീവിതം സുന്ദരമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു. കഠിനമായി അധ്വാനിക്കുക, ബാക്കി ദൈവത്തിന് വിട്ടുകൊടുക്കുക.. ഇതെനിക്ക് മനസ്സിലാക്കി തന്നത് നിങ്ങളാണ്”.

”നിങ്ങൾ എന്നോട് കാണിച്ച സ്നേഹത്തിനും പിന്തുണയ്ക്കും എനിക്ക് ചെയ്യാൻ കഴിയുന്നത് നന്നായി പ്രയത്നിക്കുക മാത്രമാണ്. നിങ്ങളെ രസിപ്പിക്കുന്ന സിനിമകൾ മാത്രമല്ല, മറിച്ച് സാമൂഹിക പ്രതിബദ്ധതയുളള അറാം പോലെയുളള സിനികൾ ചെയ്യാനുളള ഉത്തരവാദിത്തം എനിക്കുണ്ട്”.

”അറാം സിനിമയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച പ്രിന്റ്, ടെലിവിഷൻ, സോഷ്യൽ മീഡിയ, സിനിമ വ്യക്തികൾ, നിരൂപകർ തുടങ്ങിയ എല്ലാവർക്കും എന്റെ ആത്മാർത്ഥമായ നന്ദി”.

”സ്നേഹവും പോസിറ്റിവിറ്റിയും നിറഞ്ഞ ഒരു വർഷമായിരുന്നു 2017. അതിന് ഞാൻ വീണ്ടും വീണ്ടും നന്ദി പറയുന്നു”.

”എനിക്ക് പറയാനുളളത്… ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാനിന്ന് നിൽക്കുന്നിടത്ത് എത്താൻ കാരണക്കാർ നിങ്ങളാണ്. നിങ്ങളുടെ ഹൃദയത്തിൽ ചെറിയൊരിടം എനിക്ക് നൽകിയതിന് നന്ദി”.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook