മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന താരറാണിയായി മാറിയിരിക്കുകയാണ് നയന്‍താര. ഇന്ന് നയന്‍താരയോളം താരമൂല്യമുള്ളൊരു നായിക തെന്നിന്ത്യയിലില്ല. അഭിനയിച്ച ഭാഷകളിലെല്ലാം തന്റേതായ സ്ഥാനം അവര്‍ നേടിക്കഴിഞ്ഞിട്ടുണ്ട്. തെന്നിന്ത്യയുടെ സൂപ്പര്‍സ്റ്റാറിന് ഇന്ന് 35-ാം ജന്മദിനമാണ്. പതിനാറ് വര്‍ഷമായി നയന്‍താര നമ്മുടെ മുന്നില്‍ പല വേഷങ്ങളില്‍ എത്തുന്നു.

എന്നാല്‍ ഇതിന്റെയെല്ലാം തുടക്കം എവിടെയായിരുന്നു? മനസിനക്കരെയാണ് നയന്‍താര ആദ്യ ചിത്രമെന്ന് എല്ലാവര്‍ക്കും അറിയാമായിരിക്കും. പക്ഷെ അതിന് മുമ്പ് നയന്‍താര സ്‌ക്രീനില്‍ വന്നത് ചാനലിലൂടെയായിരുന്നു. കൈരളി ചാനലിലെ ചമയം എന്ന പരിപാടിയുടെ അവതാരികയായി. ഇപ്പോഴിതാ ആ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് കൈരളി.

Read more: വനിത തുടങ്ങി വോഗ് വരെ; നയൻതാരയുടെ യാത്ര

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആവാന്‍ മോഹിച്ച ഒരു തിരുവല്ലക്കാരിയായിരുന്നു നയന്‍താര. പക്ഷെ തെന്നിന്ത്യയുടെ സൂപ്പര്‍സ്റ്റാര്‍ ആകാനായിരുന്നു ആ പെണ്‍കുട്ടിയുടെ നിയോഗം. ഡയാന മറിയം എന്ന പെണ്‍കുട്ടിയില്‍ നിന്നും നയന്‍താര എന്ന സൂപ്പര്‍താരത്തിലേക്കുള്ള യാത്ര ഒരു സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. 1984 നവംബര്‍ 18 ന് തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന നയന്‍താര, ഇന്ന് തെന്നിന്ത്യന്‍ സിനിമയ്ക്ക് പകരം വയ്ക്കാന്‍ കഴിയാത്തൊരു സാന്നിധ്യമാണ്.

വോഗ് മാഗസിന്റെ കവര്‍ചിത്രത്തില്‍ വരെ പ്രത്യക്ഷപ്പെട്ട, തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും കരുത്തയായ സ്ത്രീ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം. ഒരര്‍ഥത്തില്‍, പോരാട്ടം തന്നെയായിരുന്നു നയന്‍താരയുടെ ജീവിതം. പതിനാറു വര്‍ഷത്തിനിടെ നിരവധി ഉയര്‍ച്ച താഴ്ചകളിലൂടെയാണ് നയന്‍താരയുടെ കരിയര്‍ മുന്നോട്ട് പോയത്. വ്യക്തിജീവിതത്തിലും കരിയറിലുമെല്ലാം തിരിച്ചടികള്‍ ഉണ്ടായിട്ടും കൂടുതല്‍ കരുത്തയായി നയന്‍താര തിരിച്ചുവന്നു. സൂപ്പര്‍സ്റ്റാറുകളുടെയോ നായകനടന്മാരുടെയോ സാന്നിധ്യമില്ലെങ്കിലും ഒരു സിനിമയെ ഒറ്റയ്ക്ക് വിജയിപ്പിക്കാന്‍ കഴിയുമെന്ന് നയന്‍താര തെളിയിക്കുകയായിരുന്നു. ‘മനസ്സിനക്കരെ’യില്‍ തുടങ്ങിയ നയന്‍താരയുടെ സിനിമാജീവിതം ‘സെയ്‌റ നരസിംഹ റെഡ്ഡി’യില്‍ എത്തിനില്‍ക്കുന്നു.

Read More: സിഎക്കാരിയാകാൻ മോഹിച്ച് തെന്നിന്ത്യയുടെ താരറാണിയായ നയൻതാര

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook