തെന്നിന്ത്യൻ താരലോകത്തെ കിരീടം വയ്ക്കാത്ത റാണിയാണ് നയൻതാര. ശക്തമായ കഥാപാത്രങ്ങളിലൂടെ ആരാധക ഹൃദയങ്ങളെ കൈയ്യിലെടുത്ത നടിമാർ നയൻസിനെ പോലെ അധികമില്ല. അതിനാൽ തന്നെ നയൻതാരയെ നെഞ്ചേറ്റി സ്നേഹിക്കുന്ന ആരാധകരും നിരവധിയാണ്.

തമിഴിൽ ചലച്ചിത്ര താരങ്ങളോടുളള ആരാധന മറ്റ് ഭാഷാ സിനിമകളിലേത് പോലെയല്ല. താരങ്ങളെ ദൈവങ്ങളായി പോലും കാണുന്നവരാണ് തമിഴ്‌നാട്ടുകാർ. അത്രയും തീവ്രമായി സ്നേഹിക്കുന്ന ആരാധക നയൻതാരയ്ക്കമുണ്ട്.

തന്നെ കണ്ടതിലുളള സന്തോഷം അടക്കാനാവാതെ പൊട്ടിക്കരഞ്ഞ ആരാധകനെ കണ്ട് വാ പൊളിച്ചിരിക്കുകയാണ് ഇപ്പോൾ നയൻതാര. സ്വതവേ മാധ്യമങ്ങളിലോ ചാനലുകളിലോ പ്രത്യക്ഷപ്പെടാൻ മടിക്കുന്ന നയൻതാര കൊലമാവ് കോകിലയെന്ന സിനിമയുടെ പ്രമോഷന് വേണ്ടി പങ്കെടുത്ത ചാനൽ പരിപാടിയിലാണ് സംഭവം.

നയൻതാരയുടെ കടുത്ത ആരാധകരെ പങ്കെടുപ്പിച്ചാണ് ചാനൽ പരിപാടി ആസൂത്രണം ചെയ്തത്. ഈ കൂട്ടത്തിലുണ്ടായിരുന്ന ഒരാളാണ് നയൻതാരയെ കണ്ട് പൊട്ടിക്കരഞ്ഞത്. ആരാധകന്റെ സ്നേഹം കണ്ട് നയൻതാര അക്ഷരാർത്ഥത്തിൽ അമ്പരന്നുപോയി.

നയൻതാരയോടുളള ആരാധന മൂത്ത് ഇടതുകൈയ്യിൽ ഈ ചെറുപ്പക്കാരൻ താരത്തിന്റെ പേര് പച്ച കുത്തിയിരുന്നു. വിതുമ്പിക്കരഞ്ഞ ആരാധകനെ ഒടുവിൽ താരം ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് വന്ന് ആശ്വസിപ്പിച്ചു.

തമിഴിലും തെലുങ്കിലുമായി കൈനിറയെ സിനിമകളുണ്ട് ഇപ്പോൾ നയൻതാരയ്ക്ക്. എന്നാൽ അങ്ങിനെ എല്ലാ സിനിമകളും കണ്ണുംപൂട്ടി അഭിനയിക്കുകയല്ല താരം ഇപ്പോൾ ചെയ്യുന്നത്. തന്റെ പ്രതിഭയ്ക്ക് കരുത്തേകുന്ന ശക്തമായ സ്ത്രീകഥാപാത്രങ്ങൾക്കാണ് താരം ഇപ്പോൾ മുഖ്യപരിഗണന നൽകുന്നത്.

അജിത്ത് നായകനാകുന്ന വിശ്വാസം ആണ് നയൻതാര മുഖ്യവേഷത്തിലെത്തുന്ന റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഇളയ ദളപതി വിജയ്‌യെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമയിലും പ്രധാന ലേഡി ആക്ടർ നയൻതാരയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ