അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം തല അജിത്തും തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ഒന്നിക്കുന്നു.  2007 ൽ ബില്ലയിലും 2008 ൽ ഏഗനിലും 2013 ൽ ആരംഭത്തിനും ശേഷം 2018 ൽ പുറത്തിറങ്ങുന്ന വിശ്വാസത്തിലാണ് തല അജിത്തിന്റെ നായികയായി നയൻതാര എത്തുന്നത്.

ശിവ സംവിധാനം ചെയ്യുന്ന വിശ്വാസം ദീപാവലിക്ക് തിയേറ്ററുകളിൽ എത്തിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയായി എത്തുമെന്ന വാർത്തകൾ വലിയ തോതിൽ ചലച്ചിത്ര മേഖലയിൽ പടർന്ന ശേഷമാണ് പൊടുന്നനെ നയൻതാരയുടെ രംഗപ്രവേശം.

ഇന്ന് തന്നെ നയൻതാരയുടെ പുതിയ മറ്റൊരു തമിഴ് ചിത്രത്തിന്റെ പ്രഖ്യാപനവും ഉണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളിൽ വൈറലായ “മാ” എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്ത സർജുന്റെ ഹൊറർ സിനിമയിലെ കേന്ദ്രകഥാപാത്രമായി നയൻതാര എത്തുമെന്നായിരുന്നു അത്.

ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് ആരെ തിരഞ്ഞെടുക്കുമെന്ന ചിന്താകുഴപ്പത്തിലാണ് സംവിധായകനും നിർമ്മാതാക്കളുമെന്നാണ് റിപ്പോർട്ട്. ചിത്രം പ്രഖ്യാപിച്ച ശേഷം നേരത്തെ നിശ്ചയിച്ചിരുന്ന കരാർ വേണ്ടെന്ന് വച്ച് യുവൻ ശങ്കർ രാജ പിൻവാങ്ങിയിരുന്നു. ഇതേ തുടർന്നാണ് പുതിയ സംവിധായകനെ തിരയുന്നത്.

അനിരുദ്ധ് രവിചന്തറിനെ പരിഗണിക്കുന്നതായാണ് റിപ്പോർട്ട്. വടക്കൻ ചെന്നൈയിൽ പൊലീസ് ഓഫീസറുടെ വേഷമാണ് അജിത്ത് ചിത്രത്തിൽ അഴതരിപ്പിക്കുന്നത്. ശിവ-അജിത്ത് കൂട്ടുകെട്ടിലെ തുടർച്ചയായ നാലാമത്തെ ചിത്രമാണിത്.  വീരൻ, വേതാളം, വിവേഗം എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ശിവ വിശ്വാസവുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.

മാർച്ചിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഫുൾ ക്രൂവിനെ ഇനിയും നിശ്ചയിച്ചിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook