Latest News

അച്ഛന് തീരെ വയ്യ, ആശുപത്രിയിലാണ്; അഭിമുഖത്തിനിടെ കണ്ണ് നിറഞ്ഞ് നയൻതാര

ഞാന്‍ സിനിമയില്‍ എത്തി രണ്ടു മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അച്ഛന് വയ്യാതെയായി. അമ്മയാണ് അച്ഛനെ നോക്കുന്നത്

nayanthara, nayanthara age, nayanthara husband, nayanthara new movies, nayanthara birthday, nayanthara father, nayanthara instagram, nayanthara photos, nayanthara images, nayanthara first movie, nayanthara interview, നയന്‍‌താര

വളരെ അപൂര്‍വ്വമായി മാത്രം മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുന്ന നടിയാണ് നയന്‍‌താര. മലയാളം, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളില്‍ സജീവമായിരിക്കുമ്പോഴും അഭിമുഖങ്ങളിലും സിനിമാ പ്രൊമോഷന്‍ പരിപാടികളിലും നിന്നുമൊക്കെ താരം ഒഴിഞ്ഞു മാറാറുണ്ട്.

ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ടെലിവിഷന്‍ ക്യാമറയുടെ മുന്നില്‍ എത്തിയിരിക്കുകയാണ് നയന്‍സ് എന്നും ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നും ആരാധകലോകം വിളിക്കുന്ന നയന്‍‌താര. വിജയ്‌ ടിവിയുടെ സ്വാതന്ത്ര്യ ദിന പ്രത്യേക പരിപാടിയിലായിരുന്നു നയന്‍‌താരയുമായുള്ള അഭിമുഖം നടന്നത്. തന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘നെട്രിക്കണ്ണി’ന്റെ ഓ ടി ടി റിലീസുമായി ബന്ധപ്പെടുത്തിയ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രോഗ്രാമില്‍ ദിവ്യദര്‍ശിനിയോടാണ് അവര്‍ തന്റെ ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ മനസ്സ് തുറന്നത്.

സംവിധായകന്‍ വിഗ്നേഷ് ശിവനുമായുള്ള വിവാഹനിശ്ചയത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഒക്കെ സംസാരിച്ച നയന്‍‌താര, തന്റെ അച്ഛനെ കുര്യനെക്കുറിച്ച് പറയവേ വികാരാധീനയായി. ‘ജീവിതം തിരിച്ചു കറക്കി എന്തെങ്കിലും ഒരു കാര്യം മാറ്റാന്‍ അവസരം ലഭിച്ചാല്‍ എന്ത് മാറ്റും?’ എന്ന ചോദ്യത്തിനു മറുപടിയായാണ് അച്ഛന്റെ അസുഖത്തെപ്പറ്റി അവര്‍ പറഞ്ഞത്.

‘എന്റെ അച്ഛന്‍, അമ്മ, കുടുംബം എന്നിവരെക്കുറിച്ച് ഞാന്‍ ഇത് വരെ സംസാരിച്ചിട്ടില്ല. കുടുംബവും ജോലിയും രണ്ടായി തന്നെ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്‌ ഞാന്‍. അച്ഛനും അമ്മയും അവരുടെ ലോകത്ത് മാത്രം ജീവിക്കുന്നവരാണ്. ഞാന്‍ ഏതു സിനിമ ചെയ്യുന്നു എന്ന് പോലും അവര്‍ക്ക് അറിയില്ല. സിനിമ റിലീസ് ആവുന്ന ദിവസം ഞാന്‍ വിളിച്ചു പറയും, അമ്മാ ഈ ചിത്രം റിലീസ് ആയിട്ടുണ്ട്‌ എന്ന്. അപ്പോള്‍ അവര്‍ പോയി കാണും. ഭാഷ മനസ്സിലായില്ലെങ്കില്‍ പോലും ഞാന്‍ അഭിനയിച്ച സിനിമകള്‍ എല്ലാം കാണും. ഇത്രേയുള്ളൂ അവര്‍ക്ക് എന്റെ സിനിമകളുമായുള്ള ബന്ധം.

അച്ഛനെക്കുറിച്ച് പറയുകയാണെങ്കില്‍, അദ്ദേഹം ഒരു എയര്‍ ഫോഴ്സ് ഓഫീസര്‍ ആയിരുന്നു. പന്ത്രണ്ടു-പതിമൂന്നു വര്‍ഷങ്ങളായി അച്ഛന് സുഖമില്ലാതെ ആയിട്ട്. ഒരു കൊച്ചുകുട്ടിയെ എന്ന പോലെ ശ്രദ്ധിക്കണം. ഇത് ഞാന്‍ എവിടെയും സംസാരിച്ചിട്ടില്ല. കാരണം വളരെ സ്വകാര്യവും ഇമോഷണലുമായ ഒരു വിഷയമാണ്.

അച്ഛനെ എന്നും ഒരു ഹീറോ ആയിട്ടാണ് ഞാന്‍ കണ്ടിട്ടുള്ളത്. ഇന്നെന്റെ ജീവിതത്തില്‍ ഒരു ചിട്ടയുണ്ടെങ്കില്‍, അധ്വാനിക്കാനുള്ള ആര്‍ജ്ജവമുണ്ടെങ്കില്‍, സമയനിഷ്ഠയുണ്ടെങ്കില്‍, എല്ലാം അച്ഛനില്‍ നിന്നും പകര്‍ന്നു കിട്ടിയതാണ്. ജോലി സംബന്ധമായി മാത്രമല്ല, എന്നെ ഞാന്‍ ആക്കുന്നതില്‍ അദ്ദേഹത്തിനു വലിയ പങ്കുണ്ട്. അച്ഛനും അമ്മയ്ക്കും, രണ്ടു പേര്‍ക്കുമുണ്ട്. പക്ഷേ ജോലിയില്‍ അദ്ദേഹം കൂടുതല്‍ സ്വാധീനിച്ചിട്ടുണ്ട്.

എന്നും വളരെ പെര്‍ഫെക്റ്റ്‌ ആയി മാത്രമേ അച്ഛനെ കണ്ടിട്ടുള്ളൂ. മുടക്കമില്ലാതെ ജോലിയ്ക്ക് പോകാന്‍, യൂണിഫോം ധരിച്ച് എത്തുന്ന അച്ഛനെയാണ് എനിക്ക് ഓര്‍മ്മ. അദ്ദേഹത്തെക്കുറിച്ച് നല്ലത് മാത്രമേ കേട്ടിട്ടുള്ളൂ. അത് പോലുള്ള ഒരാള്‍, പെട്ടന്ന് രോഗബാധിതനാവുകയാണ്.

ഞാന്‍ സിനിമയില്‍ എത്തി രണ്ടു മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അച്ഛന് വയ്യാതെയായി. അമ്മയാണ് അച്ഛനെ നോക്കുന്നത്. ഇത്രയും കാലമായി അമ്മ അച്ഛനെ നോക്കിയ പോലെ വേറെ ആര്‍ക്കും സാധിക്കില്ല. രണ്ടു പേരും ഏതാണ്ട് സമപ്രായക്കാര്‍ ആണ്.

ഇപ്പോള്‍ അച്ഛന് അസുഖം കൂടുതലാണ്, ആശുപത്രിയില്‍ ആണ്. തീരെ വയ്യ.

അച്ഛന്റെ അസുഖം മാറ്റിയെടുത്ത്, അദ്ദേഹത്തെ പഴയ പോലെ കണ്ടാല്‍ കൊള്ളാം എന്നുണ്ട്,’ നയന്‍‌താര പറഞ്ഞു.

Read Next: ആരും കരയണ്ട, ഞാനുണ്ടല്ലോ; ഐശ്വര്യയുടെ ബന്ധുവിന്റെ വിവാഹത്തില്‍ താരമായി ആരാധ്യ, ചിത്രങ്ങള്‍, വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nayanthara breaks down during interview says father unwell

Next Story
രേവതി എറിഞ്ഞ കല്ല്‌ ജഗതിയുടെ ശരീരത്തില്‍ കുത്തിക്കയറി; ‘കിലുക്ക’ത്തിലെ അറിയാക്കഥകള്‍kilukkam, KILUKKAM, kilukkam comedy, kilukkam movie, kilukkam full movie download, കിലുക്കം
The moderation of comments is automated and not cleared manually by malayalam.indianexpress.com