ചാർട്ടേഡ് അക്കൗണ്ടന്റ് ആവാൻ മോഹിച്ച ഒരു തിരുവല്ലക്കാരി. എന്നാൽ തെന്നിന്ത്യയുടെ ലേഡീ സൂപ്പർസ്റ്റാർ ആകാനായിരുന്നു ആ പെൺകുട്ടിയുടെ നിയോഗം. ഡയാന മറിയം എന്ന പെൺകുട്ടിയിൽ നിന്നും നയൻതാര എന്ന സൂപ്പർതാരത്തിലേക്കുള്ള യാത്ര ഒരു സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. 1984 നവംബർ 18 ന് തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന നയൻതാര, ഇന്ന് തെന്നിന്ത്യൻ സിനിമയ്ക്ക് പകരം വയ്ക്കാൻ കഴിയാത്തൊരു സാന്നിധ്യമാണ്. നയൻതാരയുടെ 37-ാം ജന്മദിനമാണ് ഇന്ന്.
പിറന്നാൾ ദിനത്തിൽ നയൻതാരയ്ക്കായി വിഘ്നേഷ് ഒരുക്കിയ സർപ്രൈസ് പിറന്നാൾ പാർട്ടിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നയൻതാരയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് വിഘ്നേഷ് ഒരു കുറിപ്പും ഷെയർ ചെയ്തിട്ടുണ്ട്. “ജന്മദിനാശംസകൾ കൺമണി, തങ്കമേ, എന്റെ എല്ലാമേ…. നിന്റെ കൂടെയുള്ള ജീവിതം നിറയെ സന്തോഷവും അടുപ്പവും പൂർണതയും നിറഞ്ഞതാണ്. ദൈവം നിന്നെ എന്നെന്നും ഇത്ര മനോഹരിയായി നിലനിർത്തട്ടെ,” വിഘ്നേഷ് കുറിക്കുന്നതിങ്ങനെ.
കഴിഞ്ഞ പിറന്നാളിന് മനോഹരമായൊരു കുറിപ്പിലൂടെയാണ് വിഘ്നേശ് തന്റെ പ്രിയപ്പെട്ട നയൻസിന് ജന്മദിനാശംസകൾ നേർന്നത്. ”ഞാൻ മാതൃകയായി നോക്കിക്കാണുന്ന സ്ത്രീക്ക് ജന്മദിനാശംസകൾ. എന്നും ശക്തയായിരിക്കുക, സുന്ദരിയായിരിക്കുക. അതിശയകരമായ കഥകളിലൂടെ നയൻതാര എന്താണെന്ന് തെളിയിക്കുക. നിന്നെക്കുറിച്ച് എന്നും ഞാൻ അഭിമാനിക്കുന്നു. ഒരുപാട് സ്നേഹവും ബഹുമാനവും എന്റെ തങ്കമേ…” ഇതായിരുന്നു പിറന്നാൾദിന ആശംസയായി ട്വിറ്ററിലൂടെ വിഘ്നേശ് ശിവൻ നയൻസിന് നൽകിയത്.
Read: തെന്നിന്ത്യയുടെ താരറാണി, നയന്താരയ്ക്ക് ഇന്ന് പിറന്നാള്
വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും അടുപ്പത്തിലാവുന്നത്. ഇരുവരുടെയും വിവാഹത്തിനായാണ് ഇനി ആരാധകർ കാത്തിരിക്കുന്നത്.