മലയാളത്തിൽ നിന്നും തമിഴകത്തെത്തിയ ഒട്ടേറെ നടികളുണ്ടെങ്കിലും നയന്‍‌താരയോളം തമിഴകം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച മറ്റാരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. ‘ലേഡി സൂപ്പർ സ്റ്റാർ’ എന്നാണ് തമിഴ് മക്കൾ നയൻതാരയെ വിളിക്കുന്നത്, ഇടയ്ക്ക് സ്നേഹത്തോടെ ‘നയന്‍സ്’ എന്നും. നയൻസിന്റെ അഭിനയ മികവും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുമാണ് താരത്തിന്റെ ഈ ജനപ്രീതിയ്ക്കടിസ്ഥാനം. മലയാളത്തില്‍ നിന്നും തമിഴിലേക്ക് എത്തി, ഇപ്പോള്‍ തെന്നിന്ത്യയുടെ തന്നെ ‘മോസ്റ്റ്‌ ഡിസയേര്‍ഡ്‌ നടി’യായിത്തീര്‍ന്നിരിക്കുകയാണ് ഈ തിരുവല്ലാക്കാരി പെണ്‍കുട്ടി.

ബോക്സ്ഓഫീസ് വിജയങ്ങള്‍ കൊയ്തെടുക്കുമ്പോഴും വ്യത്യസ്തമായ സിനിമകള്‍ക്ക് കൈകൊടുക്കാന്‍ മറന്നില്ല എന്നതാണ് നയന്‍താരയുടെ വിജയ രഹസ്യം. തെന്നിന്ത്യയില്‍ ഇന്ന് ഒരു നടിയ്ക്ക് ഒരു സിനിമയെ മുഴുവനായി ചുമലിലേറ്റാന്‍ കഴിയുമെങ്കില്‍ അത് നയന്‍താരയ്ക്ക് മാത്രമാണ്. തോല്‍വികള്‍ ഉണ്ടായില്ല എന്നല്ല, തോല്വികളെ അവര്‍ എങ്ങനെ മറികടന്നു എന്നതാണ് നയന്‍താരയെ സംബന്ധിച്ച് ശ്രദ്ധേയമായ വിഷയം.

Nayanthara in Syeraa Narasimha Reddy poster

Read More: രാജകുമാരിയായി നയന്‍‌താര: ‘സൈരാ നരസിംഹ റെഡ്ഡി’ഫസ്റ്റ് ലുക്ക്‌

നയൻതാര എന്ന അഭിനേത്രിയെ ഇത്രയും പവർഫുൾ ആക്കിയത് അവരുടെ ജീവിതം തന്നെയാണ് എന്ന് പറയേണ്ടി വരും. സിനിമ ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ ജീവിതത്തിൽ പല തവണ വീണിട്ടും തളരാതെ എഴുന്നേറ്റ് മുന്നേറിയ നടിയാണ് നയൻതാര. ചിമ്പുവും പ്രഭുദേവയുമായുളള പ്രണയ തകർച്ചകള്‍, ഇതിനെക്കുറിച്ചുള്ള പരസ്യമായ ചര്‍ച്ച എന്നിവയ്ക്കൊടുവില്‍ സിനിമയിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത നയൻതാരയുടെ പിന്നത്തെ വരവുകള്‍ ഏവരെയും അതിശയപ്പെടുത്തിക്കൊണ്ടായിരുന്നു.

2003 ൽ ‘മനസ്സിനക്കരെ’ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് നയൻതാര സിനിമയിലേക്ക് എത്തുന്നത്. ഈ സിനിമയുടെ വിജയത്തോടെ നയൻതാരയെ തേടി കൂടുതൽ അവസരങ്ങളെത്തി. 2004ൽ ‘നാട്ടുരാജാവ്’ എന്ന സിനിമയിൽ മോഹൻലാലിന്റെ അനുജത്തിയുടെ വേഷത്തിലാണ് പിന്നെ നയൻതാരയെ കണ്ടത്. ഇതിനു ശേഷം ‘വിസ്മയത്തുമ്പത്ത്’ എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായും. പിന്നീട് ‘തസ്കരവീരൻ’, ‘രാപ്പകൽ’ എന്നീ ചിത്രങ്ങളില്‍ സിനിമയിലും മമ്മൂട്ടിയ്ക്കൊപ്പവും എത്തി.

മലയാളത്തിൽ നിന്നും പിന്നെ തമിഴിലേക്കും തെലുങ്കിലേക്കും നയൻതാര ചേക്കേറി. 2005ൽ ‘അയ്യ’ എന്ന സിനിമയിൽ ശരത് കുമാറിന്റെ നായികയായിട്ടായിരുന്നു തമിഴിലെ നയൻതാരയുടെ എൻട്രി. ഈ സിനിമയുടെ ഷൂട്ടിങ്ങിങ്ങിനിടെയാണ് മണിച്ചിത്രത്താഴ് സിനിമയുടെ തമിഴ് റീമേക്ക് ആയ ‘ചന്ദ്രമുഖി’യിൽ രജനീകാന്തിന്റെ നായികയായി നയൻതാരയ്ക്ക് ഓഫർ വരുന്നത്. ഈ സിനിമ വിജയമായെങ്കിലും നയൻതാരയെ തേടി പിന്നെ നല്ല അവസരങ്ങൾ എത്തിയില്ല.

2006ൽ പുറത്തിറങ്ങിയ ‘വല്ലവൻ’ സിനിമയാണ് നയൻതാരയെ പിന്നെ ശ്രദ്ധേയമാക്കിയത്. ഈ സിനിമയിലെ ഗ്ലാമർ രംഗങ്ങളും ചുംബന രംഗങ്ങളും നയൻതാര എന്ന നടിയെ വാർത്താ തലക്കെട്ടുകളാക്കി. ഈ സിനിമയോടെ നയൻതാരയും ചിമ്പുവും പ്രണയത്തിലുമായി. 2008ലാണ് ‘യാരടി നീ മോഹിനി’ എന്ന നായികാ പ്രാധാന്യമുള്ള നയന്‍‌താരയുടെ ആദ്യസിനിമ സംഭവിക്കുന്നത്‌. ധനുഷും നയൻതാരയും ഒന്നിച്ച ഈ ചിത്രം തമിഴകത്ത എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നാണ്. പിന്നീട് ഇങ്ങോട്ട് ‘സത്യം’, ‘വില്ല്’, ‘ഏകൻ’, ‘ആദവൻ’ തുടങ്ങി നിരവധി സിനിമകളിൽ നായികയായെങ്കിലും ബോക്സോഫിസിൽ വലിയ തരംഗം തീർക്കാനായില്ല.

ഇതിനിടയിലാണ് ചിമ്പുവുമായുളള പ്രണയം തകരുന്നത്. ഇരുവരും തമ്മിലുളള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും ലീക്കായത് നയൻതാരയെ സാരമായി ബാധിച്ചു. സിനിമയിൽ നല്ല അവസരങ്ങൾ ലഭിക്കാത്തതും കൊണ്ട് തളര്‍ന്നു പോയ നയന്‍താരയ്ക്ക് കൈകൊടുത്തത് മലയാളമാണ്. 2010ലെ ‘ബോഡിഗാർഡ്’ എന്ന സിദ്ദിക്ക് ചിത്രത്തില്‍ ദിലീപിന്റെ നായികായി നയൻതാരവലിയ തിരിച്ചു വരവ് നടത്തി. ഇതോടെ തമിഴകത്തും തെലുങ്കിലും നയൻതാരയെ തേടി നിരവധി അവസരങ്ങളെത്തി.

സിനിമാ ജീവിതത്തില്‍ എന്ന പോലെ സ്വകാര്യ ജീവിതത്തിലേയും ഇരുണ്ട കാലഘട്ടം അവര്‍ അതിജീവിച്ചു. പുതിയ സിനിമാ സംരംഭങ്ങളില്‍ കൂട്ടായി എത്തിയ നടനും സംവിധായകനുമായ പ്രഭുദേവയുമായി നയൻതാര പ്രണയത്തിലായി. പ്രഭുദേവയുടെ പേര് പച്ച കുത്തിയതും ഇരുവരും പൊതുവേദികളിൽ ഒന്നിച്ചെത്തിയും ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം വാർത്തകളായി. വിവാഹിതനായിരുന്ന പ്രഭുദേവയുമായി ബന്ധം പുലര്‍ത്തുന്നതിനെച്ചൊല്ലി നയന്‍‌താര പലതരത്തിലുള്ള പ്രതിഷേധങ്ങളും നേരിട്ടു. പ്രഭുദേവയുടെ മുൻ ഭാര്യ ലത കോടതിയെ സമീപിച്ചു. നയൻതാരയ്ക്കെതിരെ നിരവധി വനിത സംഘടനകൾ രംഗത്തു വരികയും തമിഴ് സംസ്കാരത്തിന് നടി കളങ്കം വരുത്തിയെന്നും ആരോപിച്ച് പ്രതിഷേധം നടത്തുകയും ചെയ്തു. ഇതെത്തുടര്‍ന്ന് 2012ൽ പ്രഭുദേവയുമായുളള ബന്ധം അവസാനിപ്പിച്ചതായി നയൻതാര സ്ഥിരീകരിച്ചു.

പ്രഭുദേവയുമായുളള ബന്ധം തകർന്നത് നയൻതാരയുടെ ജിവിതത്തിലെ രണ്ടാം തിരിച്ചടിയായി. പക്ഷേ അവിടെയും അവര്‍ തളർന്നില്ല. സിനിമയിലെ തന്റെ തിരിച്ചു വരവിനായി കാത്തിരുന്നു. 2013 ൽ ‘രാജറാണി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തോടെ നയൻതാര തമിഴകത്തേക്ക് മടങ്ങിയെത്തി. ഈ ചിത്രമാണ് യഥാര്‍ത്ഥത്തില്‍ നയൻതാരയെ തമിഴകത്തെ താരറാണിയാക്കിയത്. പിന്നീടങ്ങോട്ട് നയൻതാരയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

‘മായ’, ‘തനി ഒരുവൻ’, ‘നാനും റൗഡി താൻ’ തുടങ്ങി 2015ൽ പുറത്തിറങ്ങിയ നയൻതാരയുടെ മൂന്നു സിനിമകളും ബോക്സോഫിസിൽ തരംഗമായി. 2015ലാണ് വീണ്ടും മലയാളത്തിലേക്ക് അവര്‍ എത്തുന്നത്‌ – മമ്മൂട്ടിയുടെ നായികയായി ‘ഭാസ്കർ ദി റാസ്കൽ’ എന്ന ചിത്രത്തില്‍. അതും വലിയ വിജയമായമയതോടെ 2016ൽ മമ്മൂട്ടിക്കൊപ്പം തന്നെ ‘പുതിയ നിയമം’ എന്ന ചിത്രവും ചെയ്തു. ഇതിലെ നയൻതാരയുടെ വാസുകി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

2017ൽ റിലീസ് ചെയ്ത ‘അറം’ എന്ന സിനിമ നയൻതാരയെ തമിഴ് മക്കളുടെ ‘തലൈവി’ കൂടിയാക്കി. കുഴിയില്‍ വീണു പോയ കുട്ടിയെ തിരിച്ചെടുക്കാന്‍ വലിയ പ്രയത്നങ്ങള്‍ എടുക്കുന്ന മതിവദനി എന്ന ഐഎഎസ് ഓഫിസറുടെ വേഷം നയൻതാരയുടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായിത്തീര്‍ന്നു. 2018ൽ പുറത്തിറങ്ങിയ ‘ഇമൈക്കാ നൊടികള്‍’ എന്ന ത്രില്ലര്‍ ചിത്രവും വലിയ വിജയമായിരുന്നു. ഇനി അജിത് നായകനാവുന്ന ‘വിശ്വാസ’മാണ് നയൻതാരയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

ഇന്ന് മുപ്പത്തിനാലാം വയസ്സിലേക്ക് കടക്കുമ്പോള്‍ നയന്‍‌താരയുടെ ആരാധകര്‍ കേള്‍ക്കാന്‍ കൊതിക്കുന്ന മറ്റൊരു വാര്‍ത്തയുമുണ്ട്. സുഹൃത്തും സംവിധായകനുമായ വിഗ്നേഷ് ശിവനുമായുള്ള വിവാഹവാര്‍ത്തയാണത്. തങ്ങള്‍ തീവ്രപ്രണയത്തിലാണ് എന്നും ഉടന്‍ വിവാഹം കഴിക്കും എന്നുമൊക്കെ ഇരുവരും പറയാതെ പറയുന്നുണ്ടെങ്കിലും ആ സന്തോഷ വാര്‍ത്ത ഔദ്യോഗികമായി കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ